

ബെയ്ജിംഗ്: വ്യാപാര യുദ്ധവും താരിഫ് പോരും തുടരുന്ന പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്ന, അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെയാണ് ചർച്ചകൾ ആരംഭിക്കുക.(Crucial Trump-Xi meeting in Busan today, will the trade war end ?)
ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെയാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. വീണ്ടും അധികാരത്തിലെത്തിയ ശേഷം ട്രംപ് ചൈനീസ് പ്രസിഡന്റിനെ നേരിൽ കാണുന്നത് ഇത് ആദ്യമായാണ്.
യുഎസ്-ചൈന വ്യാപാരക്കരാറിൽ ഒരു അന്തിമ ധാരണയാകുമോ എന്നതിലാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എപെക് ഉച്ചകോടിക്ക് തൊട്ടുമുമ്പ് ചൈന അമേരിക്കയിൽ നിന്ന് സൊയാബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറായത് ബന്ധങ്ങളിലെ മഞ്ഞുരുകലിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
അപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണത്തിൽ ചൈന അയവ് വരുത്തുമോ എന്നും, ചിപ്പ് കയറ്റുമതി നിയന്ത്രണത്തിൽ അമേരിക്ക ഇളവ് നൽകാൻ തയ്യാറാകുമോ എന്നുമെല്ലാം ലോകം ഉറ്റുനോക്കുന്നു. ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നിലപാടുകൾ നിർണായകമാണ്.
ടിക് ടോക്കിന്റെ കാര്യത്തിലും അമേരിക്കയും ചൈനയും കരാറിലൊപ്പിടാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ട്രംപ് സൂചന നൽകിയിരുന്നു. ബുസാനിലെ ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷി ജിൻപിങ്ങ് എത്തിയതിന് തൊട്ടുപിന്നാലെയാണ് മറൈൻ വൺ ഹെലികോപ്റ്ററിൽ ട്രംപ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകളുടെ ഫലം ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്.