കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ മരിച്ച മകന്റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബം വസ്ത്രങ്ങൾ ആവശ്യപ്പെട്ടപ്പോൾ, പകരം മൃതദേഹത്തിൻ്റെ തലച്ചോർ നൽകിയെന്ന അവിശ്വസനീയമായ ആരോപണത്തിൽ ശ്മശാന ഡയറക്ടർക്കെതിരെ കേസ്. സാൻ ജോസിലെ പള്ളി സെമിത്തേരിയുടെ ഡയറക്ടറായ ഇന്ത്യൻ വംശജക്കെതിരെയാണ് ഗുരുതരമായ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.(Crematorium director gives brain instead of clothes, Case against Indian-origin woman in US)
2025 മെയ് 19-നാണ് 27 വയസ്സുള്ള അലക്സാണ്ടർ പിനോൺ മരിച്ചത്. കുടുംബം സാൻ ജോസിലെ ലിമ ഫാമിലി എറിക്സൺ മെമ്മോറിയൽ ചാപ്പലിലെ കല്ലറ വാടകയ്ക്കെടുക്കുകയും ശവസംസ്കാര ചടങ്ങുകൾക്കായി ഏകദേശം 10,000-ത്തിലധികം ഡോളർ (ഏകദേശം 9 ലക്ഷം ഇന്ത്യൻ രൂപ) നൽകുകയും ചെയ്തിരുന്നു. ശവസംസ്കാരത്തിനായി അലക്സാണ്ടറിന് പുതിയ ഔപചാരിക വസ്ത്രം ധരിപ്പിക്കണമെന്നും, മരണസമയത്ത് അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങൾ തിരികെ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ചടങ്ങുകൾക്കൊടുവിൽ, സെമിത്തേരിയുടെ ഡയറക്ടറും ഇന്ത്യൻ വംശജയുമായ അനിത സിംഗ്, അലക്സിൻ്റെ പിതാവിന് ഒരു ബാഗ് നൽകി. വീട്ടിലെത്തിയ കുടുംബം ഓർമ്മകൾക്കായി വസ്ത്രങ്ങൾ കഴുകാൻ എടുത്തപ്പോഴാണ് ബാഗിൽ വസ്ത്രങ്ങളായിരുന്നില്ല, പകരം ആരുടേതെന്ന് വ്യക്തമല്ലാത്ത ഒരു തലച്ചോറാണ് പൊതിഞ്ഞുവെച്ചിരുന്നതെന്ന് കണ്ടെത്തിയത്.
അലക്സിൻ്റെ പിതാവ് ലഭിച്ച മനുഷ്യാവയവം സെമിത്തേരിയിലേക്ക് തിരികെ കൊണ്ടുപോയി ഡയറക്ടർ അനിത സിംഗിനെ ഏൽപ്പിച്ചു. എന്നാൽ, ഈ ഗുരുതരമായ കുറ്റകൃത്യത്തിന് ക്ഷമാപണം നടത്താനോ, വിശദീകരണം നൽകാനോ അനിത തയ്യാറായില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ പറയുന്നു. ആഴ്ചകൾക്കുശേഷം ബാഗിലുണ്ടായിരുന്നത് അലക്സിൻ്റെ തലച്ചോറായിരുന്നു എന്ന് സ്ഥിരീകരിച്ചു.
എന്നാൽ, സംഭവത്തിലെ ദുരൂഹത അതുകൊണ്ടും അവസാനിച്ചില്ല. തിരികെ ലഭിച്ച അലക്സിൻ്റെ തലച്ചോർ അടങ്ങിയ ബാഗ് അനിത സിംഗ് സെമിത്തേരി കെട്ടിടത്തിന്റെ പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ടര മാസങ്ങൾക്ക് ശേഷം അഴുകിയ മാംസത്തിൻ്റെ രൂക്ഷഗന്ധം അന്വേഷിച്ചെത്തിയ സെമിത്തേരി ജീവനക്കാരാണ് ഈ ബാഗ് കണ്ടെടുക്കുന്നത്. സംഭവം പുറത്തായതോടെ അനിത സിംഗിനെതിരെ പോലീസ് കേസെടുത്തു.
അതേസമയം, മരിച്ച മകൻ്റെ തലച്ചോർ ശവക്കല്ലറയിലെ ശരീരഭാഗത്തിനൊപ്പം അടക്കം ചെയ്യണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. ഒരു പള്ളി സെമിത്തേരിയിൽ വച്ച് വസ്ത്രത്തിന് പകരം എങ്ങനെയാണ് തലച്ചോർ കൈമാറുകയെന്ന ചോദ്യമുയർത്തി സമൂഹമാധ്യമങ്ങളിലും സംഭവം വലിയ വിവാദമായിട്ടുണ്ട്.