ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനും കോടതി പിഴ ചുമത്തി. മെറ്റ 4.2 മില്യൺ ഡോളറും, ഗൂഗിൾ 1.8 മില്യൺ ഡോളറും നഷ്ടപരിഹാരം നൽകാനാണ് ലോസ് ഏഞ്ചൽസ് കോടതി ഉത്തരവിട്ടത്.( Creates Social media addiction, Huge fine for Meta and Google)
ചെറുപ്പം മുതലുള്ള അമിതമായ സോഷ്യൽ മീഡിയ ഉപയോഗം തന്റെ മാനസികാരോഗ്യത്തെ തകർത്തുവെന്ന് ചൂണ്ടിക്കാട്ടി കാലിഫോർണിയ സ്വദേശിനിയായ ഇരുപതുകാരിയാണ് കോടതിയെ സമീപിച്ചത്. ഒൻപത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.
പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പനയിലും പ്രവർത്തനത്തിലും കമ്പനികൾ മതിയായ ജാഗ്രത കാട്ടിയില്ല. ഉപഭോക്താക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. സോഷ്യൽ മീഡിയ കമ്പനികളുടെ അൽഗോരിതങ്ങൾക്കും പ്രവർത്തനരീതികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ വരാൻ ഈ വിധി കാരണമായേക്കാം. വിധിയിൽ ബഹുമാനപൂർവ്വമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി മെറ്റയും ഗൂഗിളും അറിയിച്ചു. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് ഇരു കമ്പനികളുടെയും തീരുമാനം.

