

ബേൺ: സ്വിറ്റ്‌സർലൻഡിലെ ആൽപ്സ് പർവതനിരകളിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ക്രാൻസ്–മൊണ്ടാനയിലെ സ്കീ റിസോർട്ടിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും വൻ ദുരന്തം (Crans-Montana Explosion). പുതുവത്സരാഘോഷങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ, പ്രാദേശിക സമയം പുലർച്ചെ 1.30-ഓടെയാണ് ഒരു ബാറിൽ വൻ സ്ഫോടനം നടന്നത്. ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽ 40 ഓളം പേർ കൊല്ലപ്പെട്ടതായും നൂറിലധികം പേർക്ക് പരിക്കേറ്റതായും കരുതപ്പെടുന്നു. പുതുവർഷം പിറന്നതിന്റെ ആവേശത്തിൽ വിദേശികളടക്കം നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയ സ്ഥലത്താണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
സ്വിറ്റ്‌സർലൻഡിന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ കാന്റൻ വലൈസിലാണ് ഈ സ്കീ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഇതൊരു ഭീകരാക്രമണമല്ലെന്നും മറിച്ച് ബാറിലുണ്ടായ തീപിടിത്തം സ്ഫോടനത്തിലേക്ക് നയിച്ചതാണെന്നുമാണ് പ്രാഥമിക നിഗമനം. മരിച്ചവർക്ക് കഠിനമായ രീതിയിൽ പൊള്ളലേറ്റതിനാൽ പലരെയും തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രദേശത്തെ ആശുപത്രികളിലെ ഐസിയു സംവിധാനങ്ങൾ നിറഞ്ഞതിനെത്തുടർന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററുകളിലും മറ്റും മറ്റ് നഗരങ്ങളിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി വരികയാണ്. ബ്രിട്ടീഷ് വിനോദസഞ്ചാരികൾ ഉൾപ്പെടെ വൻതോതിൽ എത്തുന്ന ഈ കേന്ദ്രം, ഈ മാസം അവസാനം നടക്കാനിരിക്കുന്ന എഫ്.ഐ.എസ് (FIS) സ്കീയിങ് വേൾഡ് കപ്പിന് വേദിയാകാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.
A devastating explosion and fire at a bar in the Swiss ski resort of Crans-Montana during New Year's Eve celebrations have claimed the lives of an estimated 40 people. Italian authorities confirmed that over 100 others were injured in the blast, which occurred around 1:30 AM local time. Preliminary investigations suggest the tragedy was caused by an accidental fire rather than arson or terrorism. Identification of victims remains difficult due to the severity of the burns, while hospitals in the region are struggling to accommodate the influx of injured tourists.