ഖാർത്തും : സുഡാനിലെ ആഭ്യന്തരകലാപം രാജ്യത്ത് കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.) മുന്നറിയിപ്പ് നൽകി. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്.) ന്റെ രൂക്ഷമായ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് പടിഞ്ഞാറൻ മേഖലയായ ഡാർഫറിൽ നിന്ന് പലായനം ചെയ്തത്.(Could lead to severe humanitarian crisis, UN on civil war in Sudan)
ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ സർക്കാർ സൈന്യമായ സുഡാൻ ആംഡ് ഫോഴ്സും (എസ്.എ.എഫ്.) ആർ.എസ്.എഫും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. സുഡാനിലെ എൽ ഫാഷർ നഗരം ആർ.എസ്.എഫ്. പിടിച്ചെടുത്തതോടെ അതിക്രൂരതകളാണ് അരങ്ങേറിയത്.
ഡാർഫറിന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം ആർ.എസ്.എഫ്. നൂറുകണക്കിന് പേരെ വധിച്ചതായും കൂട്ടബലാത്സംഗങ്ങൾ വ്യാപകമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ആർ.എസ്.എഫ്. നടത്തുന്ന കൊലപാതകങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഡാർഫറിന് പിന്നാലെ, സർക്കാർ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള എൽ ഒബൈദ് നഗരവും പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ആർ.എസ്.എഫ്.ഈ പോരാട്ടം തുടരുന്നത് രാജ്യത്തെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിലാണ് യു.എൻ.