ലുവാലബ: തെക്കുകിഴക്കൻ കോംഗോയിലെ ലുവാലബ പ്രവിശ്യയിലെ കലാൻഡോ സൈറ്റിൽ കോപ്പർ ഖനി തകർന്ന് വൻ ദുരന്തം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 32 പേർ കൊല്ലപ്പെട്ടു. എന്നാൽ, 49 പേർ കൊല്ലപ്പെട്ടതായും 20 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.(Copper mine collapses in Congo, 49 people reportedly dead)
ഈ വർഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ഖനി അപകടങ്ങളിൽ ഒന്നാണിത്. അപകടത്തിന് തൊട്ടുമുമ്പ് ഖനിയിൽ തൊഴിലാളികളും സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ തൊഴിലാളികൾ ഖനിക്കകത്തുള്ള ഇടുങ്ങിയ പാലത്തിലേക്ക് കയറി. ഇവർ കൂട്ടംകൂടി നിന്നപ്പോഴാണ് ഖനിയിൽ അപകടം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അമിതഭാരം കാരണം പാലം തകർന്ന് ഖനി ഇടിഞ്ഞതാകാനാണ് സാധ്യത.
സംഭവത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. രാജ്യത്തെ ഖനികളിലെ സുരക്ഷാ പ്രശ്നങ്ങൾ ഈ സംഭവം വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്.