ഇസ്‌ലാമാബാദ് : ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ നടക്കുന്ന വൻ പ്രക്ഷോഭത്തിൽ സാധാരണക്കാർക്ക് നേരെ വെടിവയ്പ്പ്. പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പിന്തുണയുള്ള മുസ്ലിം കോണ്‍ഫറന്‍സ് അംഗങ്ങള്‍ ആയുധങ്ങളുമായി നേരിട്ടതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. പാക് സൈനികരും സമരക്കാര്‍ക്ക് നേരേ വെടിവെപ്പ് നടത്തി. ഇതിനിടെ സമരക്കാര്‍ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞുവെച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പാക്കിസ്ഥാൻ പതാക വീശി പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതും വിഡിയോയിൽ കാണാം.
മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേയാണ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീരിലെ സാധാരണക്കാര്‍ സംഘടിച്ചത്. ഇവര്‍ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ പാക് സൈന്യവും ഐഎസ്‌ഐയും സഹായങ്ങള്‍ നല്‍കുന്ന മുസ്ലിം കോണ്‍ഫറന്‍സ് സംഘടനയിലെ അംഗങ്ങള്‍ ഇവരെ ആയുധങ്ങളുമായി നേരിടുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മേഖലയിലെ വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു. ഗതാഗതസംവിധാനങ്ങളും നിര്‍ത്തിവെച്ചു. ഇതിനുപിന്നാലെയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.