
ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറിനെ അട്ടിമറിക്കാനും ആഭ്യന്തര കലാപത്തിനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും 72 അവാമി ലീഗ് നേതാക്കൾക്കുമെതിരെ കേസെടുത്തു. ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ക്രിമിനൽ അന്വേഷണ വകുപ്പ് (സി.ഐ.ഡി) അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 16 വർഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.