കാഠ്മണ്ഡു: 'ജെൻ-സി' പ്രതിഷേധങ്ങളെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) തലസ്ഥാനത്തിനടുത്ത് നടത്തിയ റാലിയിൽ വൻ ജനപങ്കാളിത്തം. ഭരണത്തിൽനിന്ന് പുറത്തായ ശേഷം പാർട്ടി നടത്തിയ ഏറ്റവും വലിയ ശക്തിപ്രകടനമാണിത്.(Communist Party holds a huge show of strength in Nepal)
കാഠ്മണ്ഡുവിന് സമീപമുള്ള ഭക്തപൂരിൽ നടന്ന റാലിയിൽ ഏകദേശം 70,000 പേർ പങ്കെടുത്തതായി പോലീസ് വ്യക്തമാക്കി. റാലിയിൽ മൂന്ന് ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദമെങ്കിലും, ജെൻ-സി പ്രതിഷേധത്തിന് ശേഷം ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച ഏറ്റവും വലിയ പൊതുപരിപാടിയായി ഇത് മാറി.
ഏകദേശം മൂന്ന് മാസം മുൻപാണ് യുവാക്കളുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിക്ക് രാജ്യം വിടേണ്ടിവന്നത്. തുടർന്നുണ്ടായ സംഘർഷങ്ങളിൽ 77 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്ക്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഓഫീസ്, സുപ്രീം കോടതി, പാർലമെൻ്റ് മന്ദിരം എന്നിവയ്ക്ക് തീയിട്ടിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിലവിൽ നേപ്പാൾ പാർലമെൻ്റ് പിരിച്ചുവിട്ടിരിക്കുകയാണ്. അടുത്ത വർഷം മാർച്ച് അഞ്ചിന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും ഇടക്കാല സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് സി.പി.എൻ. (യു.എം.എൽ.) ഈ വമ്പൻ റാലി സംഘടിപ്പിച്ചത്.
ജെൻ-സി വിരുദ്ധരല്ല തങ്ങളെന്നും, അധികാരം നഷ്ടപ്പെട്ടശേഷവും രാജ്യത്തെ ജനങ്ങൾക്കിടയിൽ പാർട്ടിക്കുള്ള സ്വീകാര്യതയാണ് ഈ റാലിയിലെ ജനപങ്കാളിത്തം വെളിവാക്കുന്നതെന്നും പാർട്ടി ജനറൽ സെക്രട്ടറി ശങ്കർ പൊഖ്രെൽ പ്രസംഗത്തിൽ പറഞ്ഞു.
പാർട്ടിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച പുതിയ പാർട്ടി അധ്യക്ഷനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും. നിലവിലെ നേതാവ് കെ.പി. ശർമ്മ ഒലിക്കെതിരെ ഈശ്വർ പൊഖാരേലാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഏകദേശം 2000 പാർട്ടി പ്രതിനിധികളാണ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. ഈ വോട്ടെടുപ്പിൽ വിജയിക്കുന്ന നേതാവായിരിക്കും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നേപ്പാളിൽ പാർട്ടിയെ നയിക്കുക.