

ലോകത്തിലെ ഏറ്റവും തണുത്ത പ്രദേശമാണ് കിഴക്കൻ അന്റാർട്ടിക്ക് പീഠഭൂമി. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഈ പ്രദേശത്ത് രേഖപ്പെടുത്തിയ താപനില −93.2 °C വരെയാണ്. ഈ താപനിലയിൽ ശ്വാസമെടുക്കുക പോലും അസാധ്യമാണ്. അതിനാൽ തന്നെ ഈ തണുത്തുറഞ്ഞ പ്രദേശത്ത് മനുഷ്യവാസമില്ല. എന്നാൽ, താപനില ഇത്രയൊന്നും വരില്ലെങ്കിലും, മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും തണുത്ത പ്രദേശത്തേക്ക് ഒന്ന് പോയാലോ. ശ്വസിക്കുമ്പോൾ വായു മരവിക്കുന്ന ഒരു നാട്. ഒരു ചായക്കപ്പ് മേശപ്പുറത്തുവച്ചാൽ, നിമിഷങ്ങൾക്കകം അത് ഐസായി മാറും. ഇവിടെ മഞ്ഞ് വീഴാറില്ല, മറിച്ച് മഞ്ഞും തണുപ്പും മാത്രമാണുള്ളത്. ഇതാണ് ഒയ്മ്യാക്കൺ (Oymyakon), ഭൂമിയിലെ ഏറ്റവും തണുത്ത മനുഷ്യവാസ സ്ഥലം. (Coldest Inhabited Place)
കിഴക്കൻ റഷ്യയിലെ സാഖ റിപ്പബ്ലിക്കിലെ ഒരു ചെറിയ ഗ്രാമമാണ് ഒയ്മ്യാകോൺ. ഇത് 'തണുപ്പിന്റെ ധ്രുവം' എന്നും അറിയപ്പെടുന്ന ഇവിടം, ലോകത്ത് മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇവിടെയുള്ളത്. 1933 ഫെബ്രുവരി 6 ന് ഇവിടെ രേഖപ്പെടുത്തിയ താപനില -67.7 °C ആയിരുന്നു. -71.2 °C ആണ് അനൗദ്യോഗികമായി രേഖപ്പെടുത്തിയ തലയില. ജനുവരിയിലെ ശരാശരി താപനില -50 °C ന് അടുത്താണ്. വിചിത്രമെന്നു പറയട്ടെ, ഒയ്മ്യാക്കോൺ എന്ന വാക്കിന്റെ അർത്ഥം പ്രാദേശിക ഭാഷയിൽ 'ഉറഞ്ഞുപോകാത്ത വെള്ളം' എന്നാണ്, സമീപത്തുള്ള നീരുറവകളെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.
മഞ്ഞിലെ ജീവിതം
ഈ ഗ്രാമത്തിൽ ഏകദേശം 500 പേർ മാത്രമാണ് താമസിക്കുന്നത്. ഒയ്മ്യാകോൺ നഗരത്തിൽ കാറുകൾ പാർക്ക് ചെയ്യുന്നത് പോലും അപകടകരമാണ്. നിർത്തിയിടുന്ന കാറുകളുടെ എഞ്ചിൻ ഒരു മിനിറ്റിനുള്ളിൽ മരവിച്ചേക്കാം. അതിനാൽ പലരും മണിക്കൂറുകളോളം കാറുകൾ പ്രവർത്തിപ്പിക്കുന്നു. അല്ലെങ്കിൽ പ്രത്യേക ചൂടുള്ള ഗാരേജുകളിൽ സൂക്ഷിക്കും. ഇവിടെ പൈപ്പുകളിലെ വെള്ളം കട്ടിയാകുന്നത് തടയാൻ വീടുകളിൽ പ്രത്യേക ചൂടാക്കൽ സംവിധാനങ്ങളുണ്ട്. ഇവിടുത്തെ ഭൂരിഭാഗം വീടുകളും ചൂടാക്കാൻ കൽക്കരിയോ വിറകോ ഉപയോഗിക്കുന്നു. ഗ്രാമത്തിൽ തന്നെ ഒരു കൽക്കരി പവർ സ്റ്റേഷനുമുണ്ട്.
മണ്ണ് സ്ഥിരമായി മഞ്ഞിൽ ഉറച്ചു പോയതിനാൽ, വീടിനുള്ളിൽ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയില്ല. പൈപ്പുകൾ വളരെ പെട്ടെന്ന് തന്നെ കഠിനമാവുകയും അവ പൊട്ടിപ്പോവുകയും ചെയ്യും. ഈ പ്രശ്‌നത്തെ മറികടക്കാൻ എല്ലാ വീടുകളിലും ഔട്ട്ഹൗസുകൾ ഉണ്ട്. ഇവിടുത്തെ മനുഷ്യരുടെ പ്രധാന ജല സ്രോതസ്സ് മഞ്ഞുകട്ടകളാണ്. ദൈനംദിന ആവശ്യങ്ങൾ മുതൽ ഭക്ഷണം പാകം ചെയ്യുന്നത്തിന് വരെ മഞ്ഞു കട്ടകൾ ഉരുക്കി ഉപയോഗിക്കുന്നു. വെള്ളത്തിന്റെ ക്ഷാമവും, കഠിനമായ തണുപ്പും കാരണം ഇവിടുത്തുകാർ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സാധാരണയായി കുളിക്കാറുള്ളത്. ഇനി തുണി അലക്കുന്ന കാര്യം നോക്കിയാൽ, അതീവ തണുപ്പുള്ള മേഖലയാത് കൊണ്ട് തന്നെ അത്രവേഗം തുണി ഉണങ്ങില്ല എന്ന് കരുതിയെങ്കിൽ തെറ്റി. നനഞ്ഞ വസ്ത്രങ്ങൾ പുറത്ത് വിരിച്ചിട്ടാൽ, തുണിയിലെ വെള്ളം തൽക്ഷണം മരവിക്കുകയും. മിനുറ്റുകൾ കൊണ്ട് വസ്ത്രങ്ങൾ കട്ടിയുള്ളതും പലക പോലുള്ള വസ്തുവായി മാറും.
ഭക്ഷണവും കൃഷിയും
മണ്ണ് എപ്പോഴും ഉറച്ച നിലയിലായതിനാൽ ഇവിടെ കൃഷി അസാധ്യമാണ്. മാൻ, കുതിര, മത്സ്യം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഭക്ഷണം. കഠിനമായ തണുപ്പിനെ അതിജീവിക്കാൻ ആവശ്യമായ ഊർജ്ജവും പ്രതിരോധശേഷിയും ഈ ഭക്ഷണക്രമം അവർക്ക് നൽകുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്, കടകളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും അവർ വാങ്ങുന്ന വസ്തുക്കൾ നിമിഷങ്ങൾക്കുള്ളിൽ പാറപോലെ കടുപ്പമുള്ളതായിത്തീരുന്നു എന്നതാണ്. റെൻഡിയറുകളുടെ മാംസമാണ് ഇവിടുത്തുകാരുടെ പ്രിയം വിഭവം.
കുട്ടികളും തണുപ്പും
നമ്മുടെ നാട്ടിൽ നല്ലപോലെ മഴ പെയ്താൽ സ്കൂളുകൾ പ്രവർത്തിക്കാറില്ല. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. തണുപ്പ് അതികഠിനമാണെങ്കിലും, കുട്ടികൾ സ്കൂളിൽ പോകണം. −52°C ന് താഴെ താപനില രേഖപ്പെടുത്തിയാൽ അന്ന് കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടതില്ല.
മഞ്ഞിന്റെ ലോകത്തെ വേനൽക്കാലം
തണുപ്പിൻ്റെ പേരിലാണ് ഒയ്മ്യാകോൺ പ്രശസ്തമെങ്കിലും ഇവിടെ വേനൽക്കാലവുമുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ 30 °C വരെ താപനില കൂടിയേക്കാം. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന താപനില വ്യാപ്തിയുള്ള സ്ഥലങ്ങളിൽ ഒന്നാക്കി ഒയ്മ്യാകോൺ മാറ്റുന്നു. എന്നിരുന്നാലും, ഈ ചൂട് നശ്വരമാണ്. വേനൽക്കാലത്തിന് ശേഷം, ഒയ്മ്യാകോൺ വീണ്ടും ഒരു ഫ്രീസറായി മാറുന്നു.
അവിശ്വസനീയമായ തണുപ്പിനെ പുഞ്ചിരിയോടെ നേരിടുന്ന ഒയ്മ്യാകോണിലെ ജനത ലോകത്തിന് ഒരു അത്ഭുതമായി തുടരുന്നു. പ്രകൃതിയോട് മനുഷ്യന് എത്രത്തോളം പോരാടാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഒയ്മ്യാകോൺ. അവിടുത്തെ ജനങ്ങൾ തണുപ്പിനെ കീഴടക്കുക മാത്രമല്ല, അതിൽ അതിജീവിക്കാനുള്ള വഴിയും കണ്ടെത്തി.
Summary: Oymyakon, a remote village in Siberia, Russia, holds the record as the coldest inhabited place on Earth, where temperatures once dropped to −71.2°C. Life here defies nature — car engines freeze within minutes, and even hot tea turns to ice before reaching your lips. Despite the harsh climate, about 500 resilient residents continue to survive in this frozen land, turning the world’s coldest region into their home.