വത്തിക്കാൻ സിറ്റി: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. ഡോണാൾഡ് ട്രംപ് സർക്കാരിന്റെ വിദേശനയങ്ങളെയും കുടിയേറ്റ വിരുദ്ധ നിലപാടുകളെയും പരസ്യമായി വിമർശിച്ചതിന്, വത്തിക്കാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പെന്റഗൺ മുന്നറിയിപ്പ് നൽകിയതായി യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു.(Church better take US’ side, Trump government threatens Pope?)
അമേരിക്കക്കാരനായ ആദ്യ മാർപാപ്പ എന്ന വിശേഷണമുള്ള ലിയോ പതിനാലാമൻ ജനുവരി 9-ന് നടത്തിയ പ്രസംഗമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ലോകത്ത് സമാധാന ചർച്ചകൾക്ക് പകരം ശക്തിപ്രകടനം വഴിയുള്ള നയതന്ത്രമാണ് പടരുന്നതെന്നും “യുദ്ധം വീണ്ടും ട്രെൻഡായി മാറിയിരിക്കുകയാണെന്നും” മാർപാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ട്രംപ് ഭരണകൂടത്തിനുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് പെന്റഗൺ വിലയിരുത്തിയത്.
വത്തിക്കാൻ പ്രതിനിധി കർദിനാൾ ക്രിസ്റ്റഫ് പിയറിനെ പെന്റഗണിലേക്ക് വിളിച്ചുവരുത്തിയ അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബി രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “അമേരിക്കയ്ക്ക് ലോകത്ത് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക കരുത്തുണ്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്,” എന്ന് കോൾബി പറഞ്ഞതായി വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. പതിനാലാം നൂറ്റാണ്ടിൽ മാർപാപ്പമാർ ഫ്രഞ്ച് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായ ‘അവിഞ്ഞോൺ പാപ്പസി’ കാലഘട്ടത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, വത്തിക്കാൻ യുഎസ് സൈനിക ശക്തിക്ക് വഴങ്ങണമെന്ന സൂചനയും ഉദ്യോഗസ്ഥർ നൽകിയതായി പറയപ്പെടുന്നു.
അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്നാണ് വത്തിക്കാന്റെ തീരുമാനം. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം ലിയോ പതിനാലാമൻ മാർപാപ്പ നിരസിച്ചു. വാർഷികാഘോഷങ്ങളുടെ ദിവസം അമേരിക്ക സന്ദർശിക്കുന്നതിന് പകരം, ആഫ്രിക്കൻ അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തുന്ന ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസ സന്ദർശിക്കാനാണ് മാർപാപ്പയുടെ തീരുമാനം. ഇത് ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയങ്ങളോടുള്ള ശക്തമായ പ്രതിഷേധമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, വത്തിക്കാൻ പ്രതിനിധിയെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകൾ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നിഷേധിച്ചു. ഹംഗറി സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുകളെക്കുറിച്ച് അന്വേഷിക്കുമെന്നും സ്ഥിരീകരിക്കാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസും വാർത്തകൾ നിഷേധിച്ചിട്ടുണ്ട്.യുദ്ധം, സമാധാനം, കുടിയേറ്റം എന്നീ വിഷയങ്ങളിൽ വത്തിക്കാൻ സ്വീകരിക്കുന്ന നിലപാടുകൾ അമേരിക്ക പോലുള്ള ഒരു വൻശക്തിക്ക് അവഗണിക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

