

ധർമ്മശാല: തിബറ്റിലെ ബുദ്ധമത വിശ്വാസികളുടെ വിശുദ്ധ വസ്തുക്കളെ ചൈനീസ് വിനോദസഞ്ചാരി അപമാനിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിബറ്റൻ ജനതയ്ക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു (Desecrating Tibetan Monastery). തിബറ്റിലെ ഒരു ബുദ്ധമത ആശ്രമത്തിനുള്ളിൽ കയറിയ വിനോദസഞ്ചാരി, അൾത്താരയിൽ ദൈവത്തിന് സമർപ്പിച്ചിരുന്ന ദ്രാവകം കുടിക്കുകയും ബാക്കി വന്നത് അവിടെയിരുന്ന വിശുദ്ധ വിളക്കിലേക്ക് ഒഴിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തിബറ്റൻ മാധ്യമമായ 'ഫായുൽ' ആണ് ഈ വാർത്ത പുറത്തുവിട്ടത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ തിബറ്റൻ വിശ്വാസങ്ങളെയും സംസ്കാരത്തെയും ആഴത്തിൽ മുറിപ്പെടുത്തുന്നതാണെന്ന് വിശ്വാസികൾ പറയുന്നു. മൊണാസ്ട്രികൾ വിനോദസഞ്ചാരികൾക്ക് പ്രശസ്തി നേടാനുള്ള ഇടങ്ങളല്ലെന്നും ഇത്തരം പ്രകോപനപരമായ നടപടികൾക്കെതിരെ സൈബർ പോലീസും ജുഡീഷ്യറിയും ശക്തമായ നടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ തിബറ്റൻ ജനത ആവശ്യപ്പെട്ടു. ഇത് അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതല്ലെന്നും തിബറ്റൻ ജനതയെ പരസ്യമായി അപമാനിക്കാനുള്ള നീക്കമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.
ചൈനീസ് അധികൃതർ ഇത്തരം അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പ്രശസ്ത തിബറ്റൻ എഴുത്തുകാരിയും കവയിത്രിയുമായ സെറിംഗ് വോസർ കുറ്റപ്പെടുത്തി. തിബറ്റിൽ വിനോദസഞ്ചാരത്തിന് അമിത പ്രാധാന്യം നൽകുന്നത് വിനോദസഞ്ചാരികളെ 'തൊടാൻ കഴിയാത്തവരായി' മാറ്റുന്നുവെന്നും തിബറ്റൻ വിശ്വാസങ്ങൾ ലംഘിക്കപ്പെടുന്നത് നിത്യസംഭവമാകുന്നുവെന്നും അവർ എക്സിൽ കുറിച്ചു. ഇന്റർനാഷണൽ കാമ്പെയ്‌ൻ ഫോർ ടിബറ്റ് പ്രതിനിധി ഭൂചുങ് കെ. സെറിംഗ് ഈ വിഷയത്തിൽ ചൈനീസ് അധികൃതരുടെ നിശബ്ദതയെ ചോദ്യം ചെയ്തു. ചൈനയിലെ സെൻസർഷിപ്പ് സംവിധാനങ്ങൾ സജീവമാണെങ്കിലും ഇത്തരം അപമാനകരമായ വീഡിയോകൾക്കെതിരെ നടപടിയുണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസികളെയും തിബറ്റിനെ സ്നേഹിക്കുന്ന മറ്റ് സന്ദർശകരെയും ഒരേപോലെ ആക്ഷേപിക്കുന്നതാണ് ഈ പ്രവർത്തിയെന്നും ഇതിനെതിരെ കർശനമായ അന്വേഷണം വേണമെന്നുമാണ് തിബറ്റൻ സമൂഹത്തിന്റെ ആവശ്യം.
A viral video showing a Chinese tourist drinking from a shrine altar and desecrating a butter lamp at a Tibetan Buddhist monastery has sparked intense outrage within the Tibetan community. Activists and writers have condemned the act as a direct insult to Tibetan faith and culture, criticizing Chinese authorities for their leniency toward tourist misconduct. The incident has reignited concerns over the protection of sacred spaces in Tibet as tourism continues to be promoted without regard for local religious values.