സെങ്‌സൗ: ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ആറ് വയസ്സുകാരനെ ഹോട്ടൽ മുറിയിൽ തനിച്ചാക്കി അമ്മ കടന്നുകളഞ്ഞ സംഭവം നൊമ്പരമാകുന്നു. രണ്ടാഴ്ചയിലേറെ ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ട ചെങ്‌ചെങ് എന്ന ബാലനെ ഹോട്ടൽ ജീവനക്കാർ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് പരിചരിച്ചത് ( Chinese Boy Abandoned in Hotel). ഒടുവിൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ അമ്മയെ കണ്ടെത്തുകയും ഇരുവരെയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ഫെബ്രുവരിയിലാണ് യുയേ (25) എന്ന യുവതി മകനോടൊപ്പം സെങ്‌സൗവിലെ ഹോട്ടലിൽ മുറിയെടുത്തത്. ആദ്യമൊക്കെ പകൽ സമയങ്ങളിൽ മകനൊപ്പം ഉണ്ടായിരുന്ന യുവതി പിന്നീട് രാത്രിയിൽ മാത്രം പുറത്തുപോകാൻ തുടങ്ങി. എന്നാൽ മാർച്ച് ആയതോടെ ഇവർ മടങ്ങിവരാതെയായി. ഹോട്ടൽ ജീവനക്കാരുമായി ബന്ധപ്പെടാനുള്ള യാതൊരു വിവരവും അവർ നൽകിയിരുന്നില്ല.
രണ്ടാഴ്ചയോളം ചെങ്‌ചെങ് ആ ഹോട്ടൽ മുറിയിൽ അമ്മയെ കാത്തിരുന്നു. മുറി വൃത്തിയാക്കാൻ വരുന്ന ജീവനക്കാരോട് അവൻ വിശേഷങ്ങൾ പറയുകയും അവരെ കെട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നു. ഹോട്ടൽ ജീവനക്കാർ അവന് ഭക്ഷണവും പഴങ്ങളും എത്തിച്ചുനൽകി. മുറിയിലെ സ്മാർട്ട് സ്പീക്കറിനോട് “നിനക്ക് അച്ഛനും അമ്മയും ഉണ്ടോ? എനിക്ക് എന്റെ അമ്മ വരണമെന്നുണ്ട്” എന്ന് അവൻ ചോദിക്കുന്നത് കേട്ട് ജീവനക്കാർ കണ്ണീരണിഞ്ഞു. ഇതിനിടെ ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിക്കുകയും കുട്ടിയുടെ അമ്മയ്ക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
മാർച്ച് 24-ന് യുവതി തിരികെ ഹോട്ടലിലെത്തി. കടബാധ്യതകളും അസുഖം പടരുമെന്ന പേടിയുമാണ് തന്നെ ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്ന് അവർ പോലീസിനോട് പറഞ്ഞു. തന്നെ ഉപേക്ഷിച്ചു പോയ അമ്മയോട് ഒട്ടും പരിഭവമില്ലാതെ “ഞാൻ ഒരു കൊച്ചു മനുഷ്യനാണ്, എനിക്ക് എന്നെ നോക്കാൻ അറിയാം” എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഹോട്ടലിൽ നിന്ന് മടങ്ങുമ്പോൾ തന്നെ പരിചരിച്ച ജീവനക്കാരിയുടെ കണ്ണീർ തുടയ്ക്കാനും ഫോൺ നമ്പർ ചോദിച്ചു വാങ്ങാനും അവൻ മറന്നില്ല.
യുവതിയുടെ കുടുംബ പശ്ചാത്തലം കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടം കുട്ടിയെ താൽക്കാലികമായി ഒരു ഫോസ്റ്റർ ഫാമിലിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെങ്‌ചെങ് ഇപ്പോൾ കിന്റർഗാർട്ടനിൽ പഠനം ആരംഭിച്ചു. ചൈനയിലെ നിയമപ്രകാരം കുട്ടികളെ ഉപേക്ഷിക്കുന്നത് കുറ്റകരമാണെന്നും അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

