

ബീജിംഗ്: ചൈനയുടെ കയറ്റുമതിയിൽ വൻ ഇടിവ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവകൾ നിലവിൽ വരുന്നതിന് മുമ്പായി സാധനങ്ങൾ നേരത്തെ അയച്ചു തീർക്കാനുള്ള "ഫ്രണ്ട്-ലോഡിംഗ്" ശ്രമങ്ങൾ അവസാനിച്ചതോടെ ഒക്ടോബറിൽ ചൈനയുടെ കയറ്റുമതിയിൽ അപ്രതീക്ഷിതമായി ഇടിവുണ്ടായതായി റിപ്പോർട്ടുകൾ.
ചൈന തങ്ങളുടെ വിപണികളെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുമ്പോഴും, നിർമ്മാണ ഭീമൻ അമേരിക്കൻ ഉപഭോക്താക്കളെ എത്രമാത്രം ആശ്രയിക്കുന്നുവെന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് ഈ തിരിച്ചടി. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായ ഒക്ടോബറിൽ ചൈനയുടെ കയറ്റുമതി 1.1% കുറഞ്ഞുവെന്ന് കസ്റ്റംസ് ഡാറ്റ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ 8.3% വർദ്ധനവിന് ശേഷമാണ് ഈ ഇടിവ് ഉണ്ടായത്. യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി 25.17% കുറഞ്ഞു.
നിലവിൽ യുഎസ് വിപണിക്ക് പകരമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും യൂറോപ്യൻ യൂണിയനുമായും വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ചൈന ശ്രമിക്കുകയാണ്. എന്നിരുന്നാലും, ചൈനയുടെ വാർഷിക വിൽപ്പനയായ 400 ബില്യൺ ഡോളറിൽ കൂടുതലുള്ള യുഎസിന് പകരം വയ്ക്കാൻ മറ്റൊരു രാജ്യമില്ല എന്നതാണ് സത്യം. തീരുവ വർദ്ധനവ് ഒഴിവാക്കാൻ സാധനങ്ങൾ നേരത്തെ കയറ്റുമതി ചെയ്യാനുള്ള തിരക്ക് ഒക്ടോബറിൽ കുറഞ്ഞതാണ് കയറ്റുമതിയിലെ ഇടിവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.
യുഎസിലേക്ക് ഇനി തങ്ങൾ ഇല്ല എന്ന മട്ടിൽ മറ്റു രാഷ്ട്രങ്ങളെ കയറ്റുമതിൽ ആശ്രയിച്ച ചൈനക്ക് തിരിച്ചടി മാത്രമായിരുന്നു പ്രതിഫലം. യൂറോപ്യൻ യൂണിയനിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമുള്ള ചൈനീസ് കയറ്റുമതി യഥാക്രമം 0.9% ഉം 11.0% ഉം മാത്രമാണ് വളർന്നത്. കയറ്റുമതിയിലെ മാന്ദ്യത്തോടെ, ചൈനയ്ക്ക് ആഭ്യന്തര ആവശ്യത്തെ കൂടുതൽ ആശ്രയിക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
കയറ്റുമതിയിലെ ഇടിവിന് പുറമേ, ഇറക്കുമതിയും മന്ദഗതിയിലാണ്. ഒക്ടോബറിലെ ഇറക്കുമതി വളർച്ച വെറും 1.0% ആയിരുന്നു, ഇത് അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇത് ആഭ്യന്തര ആവശ്യകതയുടെ ദൗർബല്യം എടുത്തു കാണിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും, യുഎസിലേക്കുള്ള ചൈനീസ് സാധനങ്ങളുടെ തീരുവ ശരാശരി 45% ആയി തുടരുന്നു. ഈ സാഹചര്യത്തിൽ, ചൈനയുടെ വളർച്ചാ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയിൽ ഗാർഹിക ഉപഭോഗത്തിന്റെ ശതമാനം "ഗണ്യമായി" ഉയർത്താൻ ലക്ഷ്യമിടുന്നതായി ചൈനീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
Summary: China's exports experienced an unexpected decline of 1.1% in October, the worst performance since February, as the effect of manufacturers "front-loading" orders to beat US tariffs faded.