

ബീജിംഗ്: ചൈനയുടെ (China) സാമ്പത്തിക രംഗം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. നവംബറിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ചൈനയിലെ നിക്ഷേപം കുത്തനെ കുറഞ്ഞതിനൊപ്പം ചില്ലറ വിൽപ്പനയിലെ വളർച്ച കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഉപഭോക്തൃ ചെലവുകൾ അളക്കുന്ന ചില്ലറ വിൽപ്പന നവംബറിൽ വെറും 1.3 ശതമാനം മാത്രമാണ് വർദ്ധിച്ചത്. ഒക്ടോബറിൽ ഇത് 2.9 ശതമാനമായിരുന്നു. 2022 ഡിസംബറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. വ്യാവസായിക ഉൽപ്പാദനത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറിൽ 4.9 ശതമാനമായിരുന്ന ഉൽപ്പാദന വളർച്ച നവംബറിൽ 4.8 ശതമാനമായി കുറഞ്ഞു.
ചൈനയുടെ സാമ്പത്തിക തകർച്ചയുടെ പ്രധാന കാരണം റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയാണ്. ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം 15.9 ശതമാനം കുറഞ്ഞു. പ്രമുഖ നഗരങ്ങളിൽ വീടുകളുടെ വില ഇടിയുന്നതും പുതിയ വീടുകളുടെ വിൽപ്പന കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കെട്ടിടങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ സ്ഥിര ആസ്തികളിലെ നിക്ഷേപം ആദ്യ 11 മാസങ്ങളിൽ 2.6 ശതമാനം കുറഞ്ഞു. സാമ്പത്തിക ഉത്തേജനത്തിനായി സർക്കാർ പുതിയ നയങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും, 2026-ലും ചൈനയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
China's economic slowdown deepened in November as retail sales growth hit its lowest point since the end of COVID-19 restrictions, growing by just 1.3%. Industrial output slowed to 4.8%, missing forecasts, while fixed-asset investment fell by 2.6% in the first 11 months of the year. The primary driver of this decline remains the prolonged real estate crisis, with property investment plunging 15.9%, severely impacting consumer confidence and household wealth.