വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 145 ശതമാനമായി വർധിപ്പിച്ചത് ട്രംപ് ഭരണകൂടം കുറച്ചേക്കുമെന്ന് സൂചന. വ്യാപാരയുദ്ധത്തിനു ഇടയാക്കിയ തീരുവ വർധനയ്ക്കു പരിഹാരം കാണാൻ ഇരുരാജ്യങ്ങളും ചർച്ചയ്ക്കു തയാറാകുമെന്ന സൂചനയുണ്ട്. ചർച്ചയിലെ തീരുമാനം അനുസരിച്ചാവും തീരുവ കുറയ്ക്കൽ. 145% എന്നത് 50– 65 ശതമാനമായി കുറച്ചേക്കുമെന്നാണ് വിവരം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു തീരുവ വൻതോതിൽ വർധിപ്പിച്ചത് യുഎസിലെ വ്യാപാരമേഖലയ്ക്ക് ഗുണകരമായില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. യുഎസ് ഓഹരി വിപണിയിലും വൻ ഇടിവുണ്ടായി.
ചൈനീസ് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ വ്യാപാര ബന്ധത്തിൽ തീർപ്പുണ്ടാകുന്നതോടെ ഗണ്യമായി കുറയുമെന്നാണ് ട്രംപിന്റെ ഒടുവിൽ പുറത്തിറക്കിയ പ്രഖ്യാപനം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുള്ള പ്രഖ്യാപനവും പിന്നാലെയുണ്ടായി. ഇതോടെ യുഎസിലെ ഓഹരി വിപണിയിലും ഉണർവുണ്ടായിട്ടുണ്ട്. ഏഷ്യൻ വിപണികളിലേക്ക് ഉണ്ടായ നേട്ടം യൂറോപ്യൻ വിപണികളിലും പ്രകടമായിട്ടുണ്ട്.