കാലിൽ 'വളർത്തിയ' ചെവി തലയിൽ തുന്നിച്ചേർത്തു; ചൈനയിൽ വൈദ്യശാസ്ത്ര വിസ്മയം, ലോകത്ത് ആദ്യം | Ear Grafted on Leg

Ear Grafted on Leg
Updated on

ബെയ്ജിങ്: അറ്റുപോയ അവയവങ്ങൾ വീണ്ടും തുന്നിച്ചേർക്കുന്ന മൈക്രോ സർജറി രംഗത്ത് ലോകത്തെ അമ്പരപ്പിച്ച് ചൈനയിലെ ഡോക്ടർമാർ. അപകടത്തിൽ അറ്റുപോയ യുവതിയുടെ ചെവി മാസങ്ങളോളം അവരുടെ കാലിൽ തുന്നിച്ചേർത്ത് 'ജീവനോടെ' നിലനിർത്തിയ ശേഷം വിജയകരമായി യഥാസ്ഥാനത്ത് തിരികെ വെച്ചു. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ നഗരത്തിലുള്ള ആശുപത്രിയിലാണ് ആധുനിക വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിച്ച ഈ ശസ്ത്രക്രിയ നടന്നത്.

കഴിഞ്ഞ ഏപ്രിലിൽ ജോലിസ്ഥലത്തെ മെഷീനിൽ കുടുങ്ങിയാണ് യുവതിയുടെ ചെവി പൂർണ്ണമായി അറ്റുപോയത്. ചെവിക്കൊപ്പം ശിരോചർമ്മവും മുഖത്തെയും കഴുത്തിലെയും ചർമ്മഭാഗങ്ങളും നഷ്ടപ്പെട്ടിരുന്നു. പരിക്കുകൾ അതീവ ഗുരുതരമായതിനാൽ ഉടൻ തന്നെ ചെവി തലയിൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. ശിരോചർമ്മത്തിലെ മുറിവുകൾ ഉണങ്ങാൻ മാസങ്ങൾ വേണ്ടിവരും എന്നതായിരുന്നു പ്രധാന തടസ്സം.

അതേസമയം , ചെവി നശിച്ചുപോകാതെ സൂക്ഷിക്കാൻ മൈക്രോ സർജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ക്വി ഷെൻക്വിയാങ്ങും സംഘവും വിപ്ലവകരമായ ഒരു മാർഗ്ഗം തിരഞ്ഞെടുത്തു. യുവതിയുടെ കാൽപ്പാദത്തിന് മുകളിൽ ചെവി തുന്നിച്ചേർക്കുക എന്നതായിരുന്നു അത്.

കാലിലെ ധമനികളും സിരകളും ചെവിയിലെ രക്തക്കുഴലുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും എന്നതായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള കാരണം.

തുടർന്ന് 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 0.2 മില്ലിമീറ്റർ മാത്രം വ്യാസമുള്ള നേർത്ത രക്തക്കുഴലുകൾ ബന്ധിപ്പിച്ച് ചെവി കാലിൽ ഗ്രാഫ്റ്റ് ചെയ്തു. ഇതിനിടയിൽ അഞ്ചാം ദിവസം രക്തപ്രവാഹം തടസ്സപ്പെട്ടെങ്കിലും, ഡോക്ടർമാർ 500-ഓളം തവണ കൃത്രിമമായി രക്തം നൽകി ചെവിയുടെ ജീവൻ നിലനിർത്തി.

ഇതിനിടെ യുവതിയുടെ വയറ്റിൽ നിന്നുള്ള ചർമ്മം ഉപയോഗിച്ച് തലയിലെ പരിക്കുകൾ ഭേദമാക്കി. അഞ്ച് മാസത്തിന് ശേഷം മുറിവുകൾ പൂർണ്ണമായി ഉണങ്ങിയതോടെ, ഒക്ടോബറിൽ നടന്ന ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കാലിൽ നിന്ന് ചെവി മാറ്റി തലയിൽ യഥാസ്ഥാനത്ത് തുന്നിച്ചേർത്തു.

നിലവിൽ യുവതിയുടെ മുഖം അപകടത്തിന് മുൻപുള്ള അവസ്ഥയിലേക്ക് ഏറെക്കുറെ മടങ്ങിയെത്തിയെന്നും അവർ പൂർണ്ണ ആരോഗ്യവതിയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ലോകത്ത് ഇതാദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com