

വാഷിങ്ടൺ: ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ചൈന തങ്ങളെ നിരീക്ഷിക്കുന്നുവെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അതേസമയം, "തങ്ങൾ എപ്പോഴും അവരെയും നിരീക്ഷിക്കുന്നു" എന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനയെ തട്ടിമാറ്റുന്നതിന് പകരം, അവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ശക്തിപ്പെടാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(China is watching us, we are also watching them, says Trump after meeting with Xi)
യുഎസിൻ്റെ പവർ ഗ്രിഡിന്റെയും ജലവിതരണ സംവിധാനങ്ങളുടെയും ഭാഗങ്ങളിൽ ചൈന നുഴഞ്ഞുകയറിയതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ആരോപിക്കുന്നതിനിടെയാണ് ട്രംപിൻ്റെ ഈ സുപ്രധാന പരാമർശം.
ചൈന അതിവേഗം ആണവായുധങ്ങൾ നിർമ്മിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ആണവശക്തി രംഗത്തെ നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം വിശദീകരിച്ചു. മറ്റേത് രാജ്യത്തെക്കാളും കൂടുതൽ ആണവായുധങ്ങൾ യുഎസിനുണ്ട്. ലോകത്തെ 150 തവണ തകർക്കാൻ ആവശ്യമായ ആണവായുധങ്ങൾ യുഎസിൻ്റെ പക്കലുണ്ടെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
റഷ്യ രണ്ടാം സ്ഥാനത്തും ചൈന വളരെ പിറകിൽ മൂന്നാമതുമാണുള്ളത്. "പക്ഷേ, അഞ്ച് വർഷത്തിനുള്ളിൽ അവർ ഒപ്പമെത്തും. അവർ അതിവേഗം ആണവായുധങ്ങൾ നിർമ്മിക്കുകയാണ്." ആണവ നിരായുധീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
ചൈനയും റഷ്യയും ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ആ വിവരം പുറത്ത് അറിയുന്നില്ലെന്നേ ഉള്ളൂവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആറ് വർഷത്തിനിടെ ആദ്യമായി, ഇക്കഴിഞ്ഞ ഒക്ടോബർ 30-ന് ദക്ഷിണ കൊറിയയിൽ നടന്ന 32-ാമത് എപെക് യോഗത്തിലാണ് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങും യുഎസ് പ്രസിഡൻ്റ് ട്രംപും കൂടിക്കാഴ്ച നടത്തിയത്. 2019-ൽ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് മുൻപ് ഇരുവരും കണ്ടുമുട്ടിയത്.