

ചൈന: സ്വർണത്തിന് ലോക വിപണിയിൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരം ചൈനയിൽ കണ്ടെത്തുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്ന് കണ്ടെത്തിയത് 1000 മെട്രിക് ടണ്‍ സ്വര്‍ണമാണ്. ഏകദേശം 7.3 ലക്ഷം കോടി രൂപ (600 ബില്യണ്‍ യുവാന്‍) വിലമതിക്കുന്ന ഈ സ്വര്‍ണശേഖരം ലോകത്ത് ഇതുവരെ കണ്ടെത്തിയതിനേക്കാള്‍ വലുതാണ്. ഇതിനുമുന്‍പ് ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയില്‍ നിന്ന് 900 മെട്രിക് ടണ്‍ സ്വര്‍ണമാണ് ശേഖരിച്ചത്. (China Gold)
ത്രിഡി ജിയോളജിക്കല്‍ മോഡലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹുനാനിലെ പിങ്ജിയാങ് കൗണ്ടിയില്‍ പരിശോധന നടത്തിയത്. രണ്ട് കിലോമീറ്റര്‍ ആഴത്തിലുള്ള സ്വര്‍ണ അയിരുകളെപ്പോലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്താനാകും. നിലവില്‍ രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ 40 തരം സ്വര്‍ണ അയിരുകളെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുതന്നെ 300 മെട്രിക് ടണ്‍ വരും ഇവിടെ. മൂന്ന് കിലോമീറ്റര്‍ വരെ പോയാല്‍ കൂടുതല്‍ സ്വര്‍ണനിക്ഷേപം കണ്ടെത്താനാകുമെന്ന് ത്രിഡി മോഡലിങ് സൂചന നല്‍കുന്നുണ്ട്.
വാങ്കു പ്രദേശത്ത് പുറത്തെടുത്ത പാറകളുടെ സാമ്പികളുകളില്‍ 138ഗ്രാം സ്വര്‍ണം കണ്ടെത്തിയിരുന്നു. ഭൂമിക്കടിയിലെ ഖനിയില്‍ നിന്ന് ലഭിക്കുന്ന അയിരില്‍ എട്ട് ഗ്രാമിലധികം സ്വര്‍ണം അടങ്ങിയിട്ടുണ്ടെങ്കില്‍ വലിയ കാര്യമായാണ് ഗവേഷകര്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ 138 ഗ്രാം ലഭിക്കുന്നത് അപൂര്‍വവും അസാധാരണവുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ലോകത്തെ സ്വര്‍ണ ഉല്‍പാദനത്തിന്റെ 10 ശതമാനം ചൈനയുടെ സംഭാവനയാണ്. ആഗോള സ്വര്‍ണവില ഉയരുന്ന സാഹചര്യത്തില്‍ ഇത് ചൈനയ്ക്കടിച്ച ബംപര്‍ ലോട്ടറി തന്നെയാണ് നിസംശയം പറയാം.