
നമുക്കെല്ലാവർക്കും സുപരിചിതമായ പദമാണ് “സയാമീസ്." ഭ്രൂണാവസ്ഥയിൽത്തന്നെ ശരീരം ഒട്ടിച്ചേർന്ന നിലയിൽ ജനിക്കുന്ന ഇരട്ടക്കുട്ടികളാണ് സയാമീസ് എന്ന് വിളിക്കപ്പെടുന്നത്. എന്നാൽ ഈ വാക്കിന്റെ ഉത്ഭവത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങളും വെല്ലുവിളികളും പലപ്പോഴും നമ്മെ ചിന്തിപ്പിക്കാറുണ്ട്. ചില മനുഷ്യരും അവരുടെ ശരീരവും ശാസ്ത്രത്തെ പോലും വിസ്മയിപ്പിക്കുന്നു. അത്തരത്തിൽ ശാസ്ത്രത്തെയും ലോകത്തെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ രണ്ട് ഇരട്ടകളാണ് സയാമീസ് എന്ന പദത്തിന് പിന്നിൽ. ഇരട്ടകൾ എന്ന് പറയുമ്പോൾ രണ്ട് ഹൃദയവും, ഒരു കരളുമായി ജീവിച്ച രണ്ടു സഹോദരന്മാർ. ലോകത്തിലെ ആദ്യ സയാമീസ് ഇരട്ടകൾ (Conjoined Twins) എന്ന അറിയപ്പെടുന്ന ചാങ് ബങ്കറും എങ്ങ് ബങ്കറും (Chang and Eng Bunker).
ചാങ് ബങ്കറും എങ്ങ് ബങ്കറുടെയും ജീവിതം വൈദ്യശാസ്ത്രത്തിനും മാനുഷിക ബന്ധങ്ങൾക്കും അതീതമായ ഒരു അത്ഭുതമാണ്. ശാരീരികമായി ഒന്നായി ജീവിച്ച് ഇവർ, സ്വതന്ത്രമായ വ്യക്തിത്വത്തോടെ, കുടുംബ ജീവിതം നയിച്ച് സഹോദരന്മാരാണ്. ആരെയും വിസ്മയിപ്പിക്കുന്നതാണ് സയാമീസ് ഇരട്ടകളായി ബങ്കർ സഹോദരന്മാരുടെ ജീവിതം.
സയാമിലെ സയാമീസ് ഇരട്ടകൾ
1811 മെയ് 11-ന് സയാമിലെ (ഇന്നത്തെ തായ്‌ലൻഡിലെ) മെക്ലോംഗ് പട്ടണത്തിലാണ് ബങ്കർ സഹോദരന്മാരുടെ ജനനം. ബങ്കർ സഹോദരന്മാരുടെ ജനനം ഒരു നാടിനെ തന്നെ ഞെട്ടിച്ചിരുന്നു. ഒത്തുചേർന്ന ശരീരവുമായി, നെഞ്ചോടു നെഞ്ച് ചേർന്നാണ് രണ്ട് കുഞ്ഞുങ്ങൾ ജനിച്ചത്. ഒരു നാടിനെ തന്നെ ആ കുഞ്ഞുങ്ങളുടെ ജനനം അകെ ഞെട്ടിച്ചിരുന്നു. അന്ന് വൈദ്യശാസ്ത്രം അത്രയേറെ വികസിച്ചിട്ടില്ലാത്തത് കൊണ്ട്, ഇവരെ വേർപെടുത്തുക അസാധ്യമായിരുന്നു. കൂടാതെ, നാട്ടുകാർ ഇവരെ ഒരു ദുശ്ശകുനമായാണ് കണ്ടിരുന്നത്. ഒരു ചൈനീസ് മത്സ്യത്തൊഴിലാളിയായിരുന്നു ഇവരുടെ പിതാവ്. ബങ്കർ സഹോദരന്മാരുടെ ചെറുപ്രായത്തിൽ തന്നെ പിതാവ് വസൂരി ബാധിച്ച് മരണപ്പെടുന്നു. പിതാവിന്റെ മരണശേഷം ആ കുഞ്ഞുങ്ങളെ നാട്ടുകാർ തക്കം കിട്ടുമ്പോഴൊക്കെ കളിയാക്കി, അകറ്റി നിർത്തി. എന്നാൽ, ഇവരുടെ അമ്മ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മക്കളെ സംരക്ഷിച്ചു.
ചുറ്റുമുള്ള പരിഹാസങ്ങൾ കണക്കിലെടുക്കാതെ ബങ്കർ സഹോദരന്മാർ ജീവിച്ചു. ചെറുപ്പത്തിലേ അവർ നീന്താനും ഓടാനും കളിക്കാനും പഠിച്ചു. ഒരുമിച്ച് സഞ്ചരിക്കാനുള്ള അവരുടെ കഴിവ് അത്ഭുതകരമായിരുന്നു. അവർ പരസ്പരം പിന്തുണച്ചു, ഒരു ശരീരം പോലെ നീങ്ങി.
സയാമിൽ നിന്ന് ലോകത്തിന്റെ നെറുകൈയിലേക്ക്
1829-ൽ ബ്രിട്ടീഷ് കച്ചവടക്കാരനായ റോബർട്ട് ഹണ്ടർ സയാമിലെ ഒരു നദിയിൽ ബങ്കർ സഹോദരന്മാർ നീന്തുന്നത് ശ്രദ്ധയിൽപ്പെടുന്നു. ആദ്യം ബങ്കർ സഹോദരന്മാരുടെ ശരീരം കണ്ട് അത്ഭുതപ്പെട്ട റോബർട്ടിന്റെ ഉള്ളിൽ ഈ അത്ഭുത സഹോദരന്മാരെ വച്ച് പണം സമ്പാദിക്കുവാൻ കഴിയുമെന്ന ആശയം ഉടലെടുത്തു. പാശ്ചാത്യ രാജ്യങ്ങളിൽ വ്യത്യസ്തമായ ശരീരഘടനയുള്ള മനുഷ്യരെ സർക്കസ് ഷോകളുടെ ഭാഗമാക്കി പ്രദർശിപ്പിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ നല്ല രീതിയിൽ തന്നെ പണം സമ്പാദിക്കുവാൻ കഴിയും എന്ന് റോബർട്ടിന് അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബങ്കർ സഹോദരന്മാരെ കൂടെ കൂട്ടാൻ റോബർട്ട് ഒരുങ്ങുന്നു. ഇതിന് ചാങ് എങ്ങും തയ്യാറായിരുന്നു. എന്നാൽ, സയാമിലെ രാജാവ് ഇതിന് സമ്മതിച്ചിരുന്നില്ല, പിന്നീട് അനുവാദം നൽകുകയായിരുന്നു. അങ്ങനെ, 1829-ൽ 18 വയസ്സുള്ളപ്പോൾ, ചാങ്ങും എങ്ങും ലോകയാത്ര നടത്തുന്നു.
ആദ്യം അവർ ബ്രിട്ടനിലേക്കും പിന്നീട് അമേരിക്കയിലേക്കും എത്തി. ഇരുവരെയും കാണാൻ ലണ്ടനിലും ന്യൂയോർക്കിലും വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഈ കാലഘട്ടത്തിലാണ് അവർക്ക് "സയാമീസ് ഇരട്ടകൾ" എന്ന് വിളിപ്പേര് ലഭിക്കുന്നത്. അവർ വേദിയിൽ വസ്ത്രം മാറി, ഓടി, ചാടി, ഗുസ്തി കളിച്ചു, സംഗീതോപകരണങ്ങൾ വായിച്ചു. അവരുടെ ശാരീരിക ഘടനയെ കുറിച്ച് പ്രേക്ഷകർക്ക് ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും സഹോദരന്മാർ തന്നെ ദൂരീകരിച്ചു. അങ്ങനെ വർഷങ്ങളോളം അമേരിക്കയിലും യൂറോപ്പിലും ബങ്കർ സഹോദരന്മാർ യാത്ര ചെയ്തു. ഇങ്ങനെയുള്ള യാത്രകളിലൂടെ സഹോദരന്മാർ നല്ലരീതിയിൽ തന്നെ പണം സമ്പാദിക്കുന്നു.
കുടുംബജീവിതം
യാത്രയൊക്കെ അവസാനിപ്പിച്ച് ചാങും എങ്ങും അമേരിക്കയിൽ തന്നെ സ്ഥിരതാമസമാക്കുന്നു. 1839-ൽ വടക്കൻ കരോലിനയിൽ ഭൂമി വാങ്ങി കൃഷി തുടങ്ങി. അധികം വൈകാതെ, സാറ അഡലെയ്ഡും എന്ന രണ്ടു സഹോദരിമാരെ വിവാഹം കഴിക്കുന്നു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും കൗതുകകരമായ വിവാഹങ്ങളിൽ ഒന്നായി മാറി. ചാങ് സാറയെയും എങ് അഡലെയ്ഡും വിവാഹം ചെയ്തു. ചാങ്ങിനും സാറയ്ക്കും പത്ത് കുട്ടികളും, എങ്ങിനും ബെറ്റിക്കും പതിനൊന്ന് കുട്ടികളും ജനിക്കുന്നു. അകെ മൊത്തം ഇരുപത്തിയൊന്ന് കുട്ടികൾ.
രണ്ട് കുടുംബങ്ങളും അടുത്തടുത്തുള്ള രണ്ട് വീടുകളിലായിരുന്നു താമസിച്ചിരുന്നത്. ഇരട്ടകൾ ഓരോ വീട്ടിലും മൂന്ന് ദിവസം വീതം താമസിച്ചു. അതായത്, മൂന്ന് ദിവസം സാറയ്ക്കും കുട്ടികൾക്കുമൊപ്പം, അടുത്ത മൂന്ന് ദിവസം അഡലെയ്ഡക്കും കുട്ടികൾക്കുമൊപ്പം. ഈ പങ്കിട്ട ജീവിതം ലോകത്തിന് ഒരു വലിയ അത്ഭുതമായിരുന്നു.
അവസാന നാളുകൾ
വാർദ്ധക്യത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങളും ആരോഗ്യപ്രശ്നങ്ങളും സഹോദരിമാർക്കിടയിൽ വർദ്ധിച്ചുകൊണ്ടേയിരുന്നു. 1874 ജനുവരി 17-ന് തലച്ചോറിൽ രക്തം കട്ടിപിടിച്ചത് കാരണം ചാങ് മരണപ്പെടുന്നു. ചാങ്ങിന്റെ മരണം എങ്ങിനെ വല്ലാതെബാധിച്ചിരുന്നു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ എങ്ങും മരണപ്പെട്ടു. എന്നാൽ ഇന്നും എങ്ങിന്റെ മരണകാരണം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ചാങ്ങിന്റെയും എങ്ങിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി. ഇരുവരുടെയും ശരീര ഭാഗങ്ങളെക്കുറിച്ച് പഠിക്കുന്നു. ഇങ്ങനെയാണ് ഇരുവർക്കും ഒരു കരളും രണ്ട് ഹൃദയവുമാണ് എന്ന് കണ്ടെത്തുന്നത്.
Summary: Chang and Eng Bunker, born in Siam (now Thailand) in 1811, were conjoined twins who shared one liver but had separate hearts and minds. Despite their physical bond, they led independent lives — marrying sisters, raising 21 children, and becoming successful farmers in America. Their extraordinary story gave birth to the term “Siamese Twins,” forever marking their place in medical and human history.