
ഗാസ സിറ്റി: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ നടന്ന സമാധാന ശ്രമങ്ങൾക്കൊടുവിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്.) അഞ്ച് പലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി.
കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഐ.ഡി.എഫിന്റെ ആക്രമണം. സൈനികരുടെ അടുത്തേക്ക് വന്ന അഞ്ച് പേരെയാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. അവരെ അകറ്റി നിർത്താൻ ശ്രമിച്ചെങ്കിലും പിന്തിരിയാതിരുന്നതോടെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഐ.ഡി.എഫ്. വ്യക്തമാക്കി.
മഞ്ഞവര തർക്കം രൂക്ഷമാകുന്നു
കൊലപാതകം നടന്ന സാഹചര്യത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വടക്കൻ ഗാസ മുനമ്പിൽ നിലയുറപ്പിച്ച സൈനികർക്ക് അടുത്തേക്ക് സംശയാസ്പദമായ സാഹചര്യത്തിൽ വന്നവരെയാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ പറയുന്നത്. ഇവർ മഞ്ഞവര (Buffer Zone) കടന്നത് കരാറിന്റെ ലംഘനമാണെന്നും ഐ.ഡി.എഫ്. ആരോപിക്കുന്നു.
എന്നാൽ, കൊല്ലപ്പെട്ട അഞ്ച് പേരും മഞ്ഞവരയ്ക്കുള്ളിൽ വെച്ചാണ് വെടിയേറ്റതെന്നാണ് പലസ്തീൻ സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കുന്നത്. അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്, പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ച ഇസ്രായേലി സൈനികരെ സമീപിച്ച പലസ്തീനികളെയാണ് വധിച്ചതെന്നാണ്.
ബന്ദി കൈമാറ്റം പൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഹമാസിന്റെ പക്കലുണ്ടായിരുന്ന അവസാനത്തെ ബന്ദിയെയും മോചിപ്പിച്ച് 20 ബന്ദികളെ കൈമാറിയിരുന്നു. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ മരിച്ച പലസ്തീൻകാരുടെ എണ്ണം 67,800 ആണെന്നാണ് കണക്കുകൾ.
സമാധാന ശ്രമങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയതിന് പിന്നാലെയുണ്ടായ ഈ വെടിനിർത്തൽ ലംഘനം മേഖലയിൽ വീണ്ടും സംഘർഷത്തിന് വഴിതുറക്കുമോ എന്ന ആശങ്കയുയർത്തുന്നു.