
ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഗാസയിൽ പ്രാബല്യത്തിൽ വന്നു. ഇസ്രയേൽ പ്രതിരോധ സേന വ്യോമാക്രമണങ്ങളിൽ നിന്ന് ഭാഗികമായി പിന്മാറിയതായി അറിയിച്ചു. വെടിനിർത്തൽ ആരംഭിച്ചതോടെ, 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്ന കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് ജീവിച്ചിരിക്കുന്ന ബന്ദികളെയും മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് കൈമാറണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
ഗാസയിലെ ദുരിതം: കുട്ടികൾ ഗുരുതര പോഷകാഹാരക്കുറവിൽ
വെടിനിർത്തൽ താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഗാസയിൽ ഇതുവരെ നടന്ന ആക്രമണങ്ങളുടെയും മനുഷ്യക്കുരുതിയുടെയും ദുരിതങ്ങൾ മാഞ്ഞുപോകാതെ തുടരുകയാണ്.
അഞ്ച് വയസ്സിൽ താഴെയുള്ള 55,000-ത്തിനടുത്ത് കുഞ്ഞുങ്ങൾ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നതായി യു.എൻ. റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്തീൻ റെഫ്യൂജീസിന്റെ (UNRWA) പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.ആറുമാസം മുതൽ അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 16 ശതമാനത്തോളം പേർ മരണവക്കിലാണ്. ഇതിൽത്തന്നെ നാല് ശതമാനം പേർ അതീവ ഗുരുതരാവസ്ഥയിലാണ്.
നൂറ്റിയമ്പതിലധികം കുട്ടികളെയാണ് ഇസ്രയേൽ പട്ടിണിക്കിട്ട് കൊന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
കെട്ടിടങ്ങളും നഗരങ്ങളുമെല്ലാം നിലംപരിശായ അവസ്ഥയിലാണ് ഗാസ. നിരവധി പേർ പലായനം ചെയ്തു. അവശേഷിക്കുന്നവരുടെ ഉറ്റവരിൽ പലരും ആക്രമിക്കപ്പെട്ടവരോ കൊല്ലപ്പെട്ടവരോ ആണ്. താൽക്കാലിക വെടിനിർത്തലിൽ ആശ്വാസമുണ്ടെങ്കിലും, തങ്ങളുടെ രാജ്യം തിരിച്ചുലഭിക്കുമോ എന്ന ഉറപ്പില്ലാതെയാണ് പലസ്തീനിലെ മനുഷ്യർ ഇപ്പോഴും ജീവിക്കുന്നത്.