ബെയ്ജിങ്: സാധാരണ ഗതിയിൽ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ഒരു കണ്ടെയ്നർ കപ്പലിനെ അതിമാരകമായ യുദ്ധക്കപ്പലാക്കി രൂപാന്തരപ്പെടുത്തി ചൈന. 'ഷോങ്ഡ 79' എന്ന 97 മീറ്റർ നീളമുള്ള കപ്പലിൽ അത്യാധുനിക ഡ്രോണുകളും മിസൈൽ ലോഞ്ചറുകളും ഘടിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാണിജ്യ കപ്പലുകളെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചൈനയുടെ ഈ നീക്കം അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.(Cargo ship or warship? China shocks the world with Zhongda 79)
അത്യാധുനിക ഡ്രോണുകളെയും യുദ്ധവിമാനങ്ങളെയും വിക്ഷേപിക്കാൻ സഹായിക്കുന്ന സംവിധാനം ഈ ചരക്കുകപ്പലിൽ ഒരുക്കിയിട്ടുണ്ട്. വെർട്ടിക്കൽ ലോഞ്ച് മിസൈൽ സെല്ലുകൾ (VLS) വഴി കണ്ടെയ്നറുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച മിസൈലുകൾ വിക്ഷേപിക്കാൻ സാധിക്കും.
ഒരു കണ്ടെയ്നർ കപ്പലിനെ പെട്ടെന്നുതന്നെ ആയുധപ്പുരയാക്കി മാറ്റാൻ കഴിയുമെന്ന് ചൈന ഇതിലൂടെ തെളിയിച്ചിരിക്കുന്നു. വിക്ഷേപണത്തിന് തയ്യാറായി നിൽക്കുന്ന സ്റ്റെൽത്ത് ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തുവന്നു.
നിലവിൽ 370-ലധികം യുദ്ധക്കപ്പലുകളുമായി ചൈനീസ് നാവികസേന ലോകത്തിലെ ഏറ്റവും വലിയ നാവികസേനയായി മാറിയിരിക്കുകയാണ്. അമേരിക്കയുടെ പക്കൽ 290 സൈനിക കപ്പലുകൾ മാത്രമാണുള്ളത്. ചൈനയുടെ പക്കലുള്ള 4,000-ലധികം ചരക്കുകപ്പലുകളെക്കൂടി ഇത്തരത്തിൽ യുദ്ധസജ്ജമാക്കാൻ സാധിച്ചാൽ അത് ആഗോള സമുദ്ര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകും.
ചരക്കുകപ്പലുകളുടെ മറവിൽ ഇവ തുറമുഖങ്ങളിൽ എത്തുമ്പോൾ ശത്രുരാജ്യങ്ങൾക്ക് ഇവയെ തിരിച്ചറിയുക അസാധ്യമാകും. ഇത്തരം കപ്പലുകളിൽ നിന്ന് ഒരേസമയം നൂറുകണക്കിന് ഡ്രോണുകൾ വിക്ഷേപിച്ച് ഏതൊരു പ്രതിരോധത്തെയും തകർക്കാൻ ചൈനയ്ക്ക് സാധിക്കും. സൗത്ത് ചൈന കടൽ മുതൽ ലാറ്റിനമേരിക്ക വരെ ചൈനയ്ക്ക് നിയന്ത്രണമുള്ള തുറമുഖങ്ങളുണ്ട്. ഇവിടങ്ങളിൽ ഇത്തരം 'അദൃശ്യ' യുദ്ധക്കപ്പലുകൾ നങ്കൂരമിടുന്നത് യു.എസിന്റെ സുരക്ഷാ മേൽക്കോയ്മയ്ക്ക് വെല്ലുവിളിയാണ്.