ഹോങ്കോങ്: ദുബായിൽ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ പതിച്ചു. അപകടത്തിൽ റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. പ്രാദേശിക സമയം പുലർച്ചെ 3:50-ഓടെയാണ് അപകടം സംഭവിച്ചത്.(Cargo plane from Dubai skids off runway at Hong Kong airport, falls into sea)
അപകടത്തിൽപ്പെട്ടത് എമിറേറ്റ്സ് എയർലൈൻസ് എ.സി.ടി. എയർലൈൻസിൽ നിന്ന് വാടകയ്‌ക്കെടുത്തതും അവർ പ്രവർത്തിപ്പിച്ചിരുന്നതുമായ ബോയിങ് 747 കാർഗോ വിമാനം (ഫ്ലൈറ്റ് നമ്പർ ഇ.കെ. 9788) ആണ്.
വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വടക്ക് ഭാഗത്തെ റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിക്കുകയായിരുന്നു. വിമാനം വിമാനത്താവളത്തിന്റെ ഭിത്തിക്കരികെ കടലിൽ ഭാഗികമായി മുങ്ങിക്കിടക്കുന്ന നിലയിലാണ്. വിമാനത്തിന്റെ നോസ്, ടെയിൽ ഭാഗങ്ങൾ വേർപെട്ട നിലയിലാണ്.
വിമാനം പതിച്ചതിനെ തുടർന്ന് റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തി. അവർ സുരക്ഷിതരാണ്. വിമാനത്തിൽ ചരക്ക് ഉണ്ടായിരുന്നില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു.
വിമാനത്തിന് 32 വർഷം പഴക്കമുണ്ടെന്നും, ഇത് ചരക്ക് വിമാനമാകുന്നതിനു മുൻപ് യാത്രാ വിമാനമായിരുന്നുവെന്നും വിവരമുണ്ട്. സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ കാർഗോ വിമാനത്താവളങ്ങളിലൊന്നായ ഹോങ്കോങ് വിമാനത്താവളത്തിലെ വടക്കൻ റൺവേ അടച്ചിട്ടിരിക്കുകയാണ്. തെക്ക്, മധ്യ റൺവേകൾ തുടർന്നും പ്രവർത്തിക്കും.