
ഇംഗ്ലണ്ട്: ലിവർപൂൾ പ്രീമിയർ ലീഗ് കിരീടാഘോഷ വേദിയിലേക്ക് കാർ പാഞ്ഞു കയറി നിരവധിപേർക്ക് പരിക്കേറ്റു(Liverpool Premier League). ലിവർപൂൾ എഫ്‌സിയുടെ പ്രീമിയർ ലീഗ് കിരീടധാരണ പരേഡിനിടെ, കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് കാർ തടഞ്ഞു നിർത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിൽ കുട്ടികൾ ഉൾപ്പടെ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമറും ലിവര്‍പൂള്‍ ക്ലബ്ബും അപലപനം രേഖപ്പെടുത്തി.
ഏപ്രിൽ അവസാനത്തോടെ ലിവർപൂൾ ഔദ്യോഗികമായി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഞായറാഴ്ച നടന്ന സീസണിലെ അവസാന മത്സരത്തിനുശേഷം മാത്രമാണ് അവർ ട്രോഫി ഉയർത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെയാണ് വിജയ പരേഡ് ആരംഭിച്ചത്. മുഹമ്മദ് സലാ, വിർജിൽ വാൻ ഡൈക് തുടങ്ങിയ താരങ്ങൾ നഗരത്തിലൂടെ തുറന്ന ബസിൽ കാണികളെ അഭിസംബോധന ചെയ്തിരുന്നു. ഇത് കാണാൻ ആയിരകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചു കൂടിയത്. ഇതിനിടയിലേക്കാണ് കാർ പാഞ്ഞു കേറിയത്.