അഞ്ച് നിറത്തിൽ ഒഴുകുന്ന നദി! ലോകത്തിലെ ഏറ്റവും മനോഹരമായ നദി; സ്വർഗ്ഗത്തിൽ നിന്നൊഴുകുന്ന കനോ ക്രിസ്റ്റൽ എന്ന പ്രകൃതി വിസ്മയം | Cano Cristales: The River of Five Colors

കനോ ക്രിസ്റ്റൽസിലെ വിസ്മയിപ്പിക്കുന്ന സസ്യശാസ്ത്ര രഹസ്യങ്ങൾ
Cano Cristales: The River of Five Colors
Updated on

മനുഷ്യ സങ്കൽപ്പങ്ങളിൽ നദികൾക്ക് സാധാരണയായി തെളിഞ്ഞ നീല നിറമോ അല്ലെങ്കിൽ വെള്ളയും പച്ചയും കലർന്ന നിറമാകും. എന്നാൽ, പ്രകൃതി തന്റെ ചായക്കൂട്ടുകൾ മുഴുവൻ വാരി ഒഴിച്ച ഒരു നദിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു ക്യാൻവാസിൽ നിറക്കൂട്ടുകൾ കൊണ്ട് വരച്ചത് പോലൊരു നദി. കൊളംബിയയിലെ നിബിഡ വനമേഖലയിൽ മഴവിൽ ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെ ഒഴുകുന്ന ഒരു ജലപ്രവാഹമുണ്ട്, ഇതാണ് 'കനോ ക്രിസ്റ്റൽസ്' (Cano Cristales). വർഷത്തിൽ ഏതാനം മാസങ്ങളിൽ മാത്രം സംഭവിക്കുന്ന ഈ വർണ്ണവിസ്മയം കാണുമ്പോൾ, ഈ നദി സ്വർഗ്ഗത്തിൽ നിന്നൊഴുകുന്ന വന്നതാണോ എന്ന് പോലും തോന്നിപോകും. ലോകത്തിലെ ഏറ്റവും മനോഹരമായ നദി എന്ന് തലക്കെട്ട് സ്വന്തമാക്കിയ കനോ ക്രിസ്റ്റൽസിന്റെ രഹസ്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

കനോ ക്രിസ്റ്റൽസ്

മധ്യ കൊളംബിയയിലെ മെറ്റാ ഡിപ്പാർട്ട്മെന്റിൽ, അതീവ സംരക്ഷിത മേഖലയായ 'സെറാനിയ ഡി ലാ മക്കറീന നാഷണൽ നാച്ചുറൽ പാർക്കിന്' ഉള്ളിലാണ് കനോ ക്രിസ്റ്റൽസ് സ്ഥിതി ചെയ്യുന്നത്. മക്കറീന പർവ്വതനിരകളുടെ തെക്കൻ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി, ഏകദേശം 100 കിലോമീറ്റർ (62 മൈൽ) ദൂരം സഞ്ചരിച്ച് ഗ്വായാബെറോ നദിയിൽ ചേരുന്നു. ഇത്രയേറെ നീളമുണ്ടെങ്കിലും ഇതൊരു വലിയ ജലപാതയല്ല, നദിയുടെ ഒരു ഭാഗത്തും വീതി 20 മീറ്ററിൽ (65 അടി) കൂടുന്നില്ല. നദിയുടെ ആഴവും പൊതുവെ കുറവാണ്. സൂര്യപ്രകാശം നദിയുടെ അടിത്തട്ടിലേക്ക് നേരിട്ട് പതിക്കാൻ ഈ കുറഞ്ഞ ആഴം സഹായിക്കുന്നു. എങ്കിലും, ചില പാറക്കെട്ടുകൾ നിറഞ്ഞ ഭാഗങ്ങളിലും 'ജയന്റ്സ് കെറ്റിൽസ്' എന്ന് വിളിക്കപ്പെടുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളിലും ആഴം 20 മീറ്റർ (65 അടി) വരെ എത്താറുണ്ട്.

നിറങ്ങളുടെ നിഗൂഢത

ചുവപ്പ്, മഞ്ഞ, നീല, പച്ച, കറുപ്പ് എന്നീ വ്യത്യസ്ത നിറങ്ങളിലാണ് ഈ നദി ഒഴുകുന്നത്. അതിനാൽ തന്നെ അഞ്ച് നിറങ്ങളുടെ നദി (River of Five Colors) എന്നാണ് കനോ ക്രിസ്റ്റൽ അറിയപ്പെടുന്നത്. നിറങ്ങളുടെ നദി എന്ന് കേൾക്കുമ്പോൾ കരുതിയേക്കാം ഈ നദിയുടെ ജലത്തിനാണ് നിറം ഉള്ളതെന്ന്. എന്നാൽ തെറ്റി, ഈ നദിയുടെ ജലത്തിനല്ല നിറമുള്ളത്. നദിയുടെ അടിത്തട്ടിൽ പ്രകൃതിയൊരുക്കിയ വിസ്മയ ലോകമുണ്ട്. അവിടെ നിന്നുമാണ് ഈ നദിക്ക് നിറം ലഭിക്കുന്നത്. നദിക്കടിയിലുള്ള 'മക്കറീനിയ ക്ലാവിഗെറ' (Macarenia clavigera) എന്ന അപൂർവ്വ സസ്യമാണ് ഈ വർണ്ണമാറ്റത്തിന് കാരണം.

ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് നദി അതിന്റെ പൂർണ്ണ സൗന്ദര്യത്തിലെത്തുന്നത്. ശരിയായ അളവിൽ സൂര്യപ്രകാശവും ജലനിരപ്പും ഒത്തുചേരുമ്പോൾ, നദിക്കടിയിലെ ചെടികൾ കടും ചുവപ്പ് നിറത്തിൽ പൂത്തുനിൽക്കും. നദിയിലെ മണലും (മഞ്ഞ), പായലുകളും (പച്ച), തെളിഞ്ഞ ജലത്തിന്റെ പ്രതിഫലനവും (നീല), പാറക്കെട്ടുകളും (കറുപ്പ്) ചേരുമ്പോൾ നദി ഒരു മഴവിൽ പോലെ ഒഴുകാൻ തുടങ്ങുന്നു

കനോ ക്രിസ്റ്റൽസ് ഒരു വിചിത്രമായ ആവാസവ്യവസ്ഥയാണ്. ഈ നദിയിൽ മത്സ്യങ്ങൾ ഒന്നുമില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. പാറക്കെട്ടുകൾ നിറഞ്ഞ നദിയിൽ മത്സ്യങ്ങൾക്ക് ആവശ്യമായ പോഷകങ്ങളോ ആഹാരമോ ഇല്ലാത്തതാണ് ഇതിന് കാരണം. സ്ഫടികം പോലെ തെളിഞ്ഞ ജലം ഒഴുകുന്ന ഈ നദിയുടെ ആഴങ്ങളിലേക്ക് നോക്കിയാൽ അടിത്തട്ടിലെ ഓരോ കല്ലും മണൽത്തരിയും നമുക്ക് കാണാൻ സാധിക്കും.

സംരക്ഷണവും സന്ദർശനവും

വർഷങ്ങളോളം ആഭ്യന്തര കലഹങ്ങൾ കാരണം ഈ പ്രദേശം പുറംലോകത്തിന് അപ്രാപ്യമായിരുന്നു. എന്നാൽ ഇന്ന് പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഭാഗമായി സന്ദർശകർക്ക് ഇവിടേക്ക് എത്തുവാൻ സാധിക്കുന്നതാണ്. എങ്കിലും, പ്രകൃതിയുടെ ഈ സന്തുലിതാവസ്ഥ നിലനിർത്താൻ സൺസ്ക്രീൻ ക്രീമുകളോ ലോഷനുകളോ ഉപയോഗിച്ച് നദിയിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നദിയിലെ സസ്യങ്ങളുടെ നിലനിൽപ്പിന് ചെറിയ രാസവസ്തുക്കൾ പോലും ഭീഷണിയായതിനാലാണിത്.

ഭൂമിയിലെ സ്വർഗ്ഗം എന്ന് ഈ നദിയെ വിളിക്കുന്നത് അതുകൊണ്ടാണ്. പ്രകൃതി അതിന്റെ നിറങ്ങൾ കൊണ്ട് ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഈ വിസ്മയം ലോകത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു.

മക്കറീനിയ ക്ലാവിഗെറ എന്ന സസ്യശാസ്ത്ര രഹസ്യം

കൊളംബിയയിലെ 'സെറാനിയ ഡി ലാ മക്കറീന' മേഖലയിലെ പോഷകാംശങ്ങൾ കുറഞ്ഞതും വേഗത്തിൽ ഒഴുകുന്നതുമായ വെള്ളത്തിൽ മാത്രം കാണപ്പെടുന്ന അപൂർവ്വമായ ഒരു ജലസസ്യമാണ് മക്കറീനിയ ക്ലാവിഗെറ. സാധാരണ സസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് മണ്ണിൽ ഉറച്ചുനിൽക്കാൻ വേരുകളില്ല; പകരം ക്വാർട്‌സൈറ്റ് പാറകളിൽ ഒട്ടിപ്പിടിച്ചു നിൽക്കാൻ സഹായിക്കുന്ന പ്രത്യേകതരം 'ഹോൾഡ് ഫാസ്റ്റുകൾ' ആണ് ഇവയ്ക്കുള്ളത്.

ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നിറം മാറാനുള്ള കഴിവാണ്. സ്വാഭാവികമായി പച്ച നിറമുള്ള ഈ സസ്യം, നദിയിലെ ജലനിരപ്പ് താഴുകയും സൂര്യപ്രകാശം നേരിട്ട് പതിക്കുകയും ചെയ്യുമ്പോൾ അതിശക്തമായ വികിരണങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ കടും ചുവപ്പ്, പർപ്പിൾ, പിങ്ക് നിറങ്ങളിലുള്ള വർണ്ണവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നു. ഇതൊരു തരം ജൈവികമായ 'സൺ ടാൻ' പോലെയാണ് പ്രവർത്തിക്കുന്നത്. തെളിഞ്ഞതും മലിനമല്ലാത്തതുമായ വെള്ളവും നേരിട്ടുള്ള സൂര്യപ്രകാശവും കൃത്യമായ അളവിൽ ഒത്തുചേർന്നാൽ മാത്രമേ ഈ ചെടികൾക്ക് അതിജീവിക്കാൻ കഴിയൂ. നദിയെ ഒരു 'ലിക്വിഡ് റെയിൻബോ' ആയി മാറ്റുന്ന പ്രധാന ഘടകവും ഈ സസ്യത്തിന്റെ സാന്നിധ്യമാണ്.

Summary

Caño Cristales, often called the "River of Five Colors," is a breathtaking natural marvel located in central Colombia's Serranía de la Macarena. The river's stunning transformation into a "liquid rainbow" is driven by a unique aquatic plant called Macarenia clavigera, which turns vibrant shades of red and purple as a biological defense against solar radiation. Beyond its colors, the river is geologically fascinating for its crystal-clear waters and "giant’s kettle" erosion pits, though it remains a delicate ecosystem requiring strict environmental protection.

Related Stories

No stories found.
Times Kerala
timeskerala.com