

ഒന്റാറിയോ: യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾക്കെതിരായ പ്രതിഷേധ നടപടിയുടെ ഭാഗമായി യുഎസ് മദ്യത്തിന് വിലക്കേർപ്പെടുത്തി കനേഡിയൻ പ്രവശ്യകൾ. ക്യുബെക്കിൽ സ്റ്റോറുകൾ, റസ്റ്റൊറന്റുകൾ എന്നിവയിലേക്ക് അമേരിക്കൻ ലഹരി പാനിയങ്ങൾ വിതരണം ചെയ്യുന്നത് നിർത്താൻ പ്രവശ്യ മദ്യ വിതരണക്കാരനോട് ഉത്തരവിടുകയാണെന്ന് സർക്കാർ അറിയിച്ചു.
ഒന്റാറിയോ, ക്യുബെക് എന്നിവയുൾപ്പടെ ഒന്നിലധികം പ്രവശ്യകൾ ചൊവ്വാഴ്ച യുഎസ് മദ്യത്തിന്റെ വിൽപ്പന നിരോധിച്ചു. ഈ തീരുമാനം ഉത്പാദകർക്ക് വലിയ തിരിച്ചടിയാണെന്ന് വിലക്ക് പ്രഖ്യാപിച്ചുകൊണ്ട് ഓന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടി വോട്ട് ചെയ്ത സംസ്ഥാനങ്ങളിൽ നിന്നും അമേരിക്കൻ മദ്യം വാങ്ങുന്നത് തങ്ങളുടെ മദ്യ വിതരണക്കാർ നിർത്തുമെന്ന് ബ്രിട്ടീഷ് കൊളംബിയയിലെ പ്രവശ്യ സർക്കാരും പറഞ്ഞു.
പൊതു നിയന്ത്രണത്തിലുള്ള ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാറിയോ നടത്തുന്ന സ്റ്റോറുകൾ ഓരോ വർഷവും ഏകദേശം ഒരു ബില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള യുഎസ് ആൽക്കഹോൾ ഉത്പ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് ഫോർഡ് പറഞ്ഞു.