ഒട്ടാവ : പലസ്തീനെ അംഗീകരിക്കാൻ സമ്മതമറിയിച്ച് കാനഡ. എന്നാൽ, പലസ്തീൻ അതോറിറ്റി ജനാധിപത്യ തിരഞ്ഞെടുപ്പുകൾ നടത്താനും പ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കാനും പ്രതിജ്ഞാബദ്ധമാണെങ്കിൽ മാത്രമേ സെപ്റ്റംബറിൽ ഇക്കാര്യം നടക്കുകയുള്ളുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു.(Canada to recognise Palestinian state in September)
കാർണി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചതിന് ശേഷമാണ് പ്രസ്താവന വന്നത്. സമീപ ദിവസങ്ങളിൽ സഖ്യകക്ഷി രാജ്യങ്ങൾ നടത്തിയ സമാനമായ നീക്കങ്ങളെ തുടർന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
"2025 സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഉദ്ദേശിക്കുന്നു," കാർണി പറഞ്ഞു. ഗാസയിലെ ദുരിതങ്ങൾ അസഹനീയമായി മാറിയെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതീക്ഷകൾ നിലനിർത്താൻ ഈ നീക്കം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിക്കുകയും മേഖലയിലേക്ക് ഐക്യരാഷ്ട്രസഭയുടെ സഹായം അനുവദിക്കുകയും ദീർഘകാല സമാധാനത്തിലേക്കുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ സെപ്റ്റംബറിൽ യുണൈറ്റഡ് കിംഗ്ഡം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ചൊവ്വാഴ്ച പറഞ്ഞിരുന്നു.