

ബ്രിട്ടൻ: വംശീയ ഉന്മൂലനത്തിൻ്റെയും സാധ്യമായ വംശഹത്യയുടെയും പശ്ചാത്തലത്തിൽ സുഡാനിലെ എൽ ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) പിടിച്ചടക്കുമെന്ന ഇൻ്റലിജൻസ് മുന്നറിയിപ്പുകൾ ലഭിച്ചിട്ടും, അതിക്രമങ്ങൾ തടയുന്നതിനുള്ള പദ്ധതികൾ ബ്രിട്ടൻ തള്ളിക്കളഞ്ഞതായി റിപ്പോർട്ട്. ബ്രിട്ടൻ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ മാധ്യമമായ ഗാർഡിയനാണ് ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. 18 മാസത്തോളം നീണ്ട എൽ ഫാഷർ ഉപരോധത്തിനിടെ, ലഭ്യമായ നാല് പദ്ധതികളിൽ "ഏറ്റവും ലളിതമായ" മാർഗ്ഗമാണ് സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
'ഏറ്റവും ലളിതമായ' സമീപനം
കഴിഞ്ഞ മാസം അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) എൽ ഫാഷർ പിടിച്ചെടുക്കുകയും ഉടൻ തന്നെ വംശീയ അതിക്രമങ്ങൾ, കൂട്ടക്കൊലകൾ, ബലാത്സംഗങ്ങൾ എന്നിവ നടത്തുകയും ചെയ്തു. നഗരത്തിലെ ആയിരക്കണക്കിന് താമസക്കാരെ ഈ സംഘർഷത്തെ തുടർന്ന് കാണാതായിട്ടുണ്ട്.
കഴിഞ്ഞ വർഷം തയ്യാറാക്കിയ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആഭ്യന്തര രേഖയിൽ സുഡാനിൽ "ജനങ്ങളുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമുള്ള" നാല് ഓപ്ഷനുകൾ വിശദീകരിച്ചു. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിലെ (എഫ്‌സിഡിഒ) ഉദ്യോഗസ്ഥർ ഇവ വിലയിരുത്തിയിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്നും ലൈംഗിക അതിക്രമങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് ഒരു "അന്താരാഷ്ട്ര സംരക്ഷണ സംവിധാനം" അവതരിപ്പിക്കുന്നത്തിനെ കുറിച്ചും ഇതിൽ പരാമർശിക്കുണ്ടായിരുന്നു.
എന്നിരുന്നാലും, സഹായം വെട്ടിക്കുറച്ചത്തോടെ സുഡാനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് എഫ്‌സിഡിഒ ഉദ്യോഗസ്ഥർ "ഏറ്റവും ലളിതമായ സമീപനം" തിരഞ്ഞെടുക്കുകയായിരുന്നു. "വിഭവ പരിമിതികൾ" കാരണം ദുരുപയോഗം തടയുന്നതിനുള്ള ഏറ്റവും ലളിതമായ സമീപനം സ്വീകരിക്കാൻ യുകെ നിർബന്ധിതരായി എന്ന് പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതിക്രമങ്ങൾ തടയുന്നത് യുകെ വിദേശനയത്തിന്റെ മുൻഗണനയല്ല എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് മനുഷ്യാവകാശ സംഘടനയായ പേമയിലെ സ്പെഷ്യലിസ്റ്റായ ഷൈന ലൂയിസ് പറഞ്ഞു. "വംശഹത്യ തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ, അത് അവസാനിപ്പിക്കാൻ കഴിയും. ഡാർഫറിലെ ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽ യുകെ സർക്കാർ ഇപ്പോൾ പങ്കാളിയാണ്," അവർ പറഞ്ഞു.
സുഡാനിൽ യുഎൻ സുരക്ഷാ കൗൺസിലിന്റെ "പെൻഹോൾഡർ" ആണ് യുകെ, അതായത് ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ച സംഘർഷത്തിൽ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അവർ തന്നെയാണ്. ബ്രിട്ടീഷ് സഹായ നിരീക്ഷണ സംഘടനയായ ഐസിഎഐയുടെ റിപ്പോർട്ട് പറയുന്നത്, "വിഭവ-ജീവനക്കാരുടെ പരിമിതികൾ" കാരണം ഏറ്റവും വലിയ പദ്ധതികൾ മാറ്റിവയ്ക്കപ്പെട്ടു എന്നാണ്.
ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) യ്ക്കും മറ്റ് ഏജൻസികൾക്കും 10 മില്യൺ പൗണ്ട് അധികമായി നൽകുക എന്നതായിരുന്നു 'ഏറ്റവും ലളിതമായ' മാർഗ്ഗം. സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കാനുള്ള യുകെയുടെ കഴിവിനെ ഫണ്ടിംഗ് പരിമിതികൾ തടസ്സപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പാർലമെന്ററി ഇന്റർനാഷണൽ ഡെവലപ്‌മെന്റ് സെലക്ട് കമ്മിറ്റി ചെയർവുമൺ സാറാ ചാമ്പ്യൻ സമീപനത്തെ വിമർശിച്ചു, ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിൽ അവശ്യ സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് അപകടകരമാംവിധം ഹ്രസ്വദൃഷ്ടിയുള്ളതാണെന്നും പറഞ്ഞു.