

ബ്രസീലിയ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 11:30 ഓടെ ഫെഡറൽ ഹൈവേയിലായിരുന്നു അപകടം നടന്നത്.
നിയന്ത്രണം വിട്ട ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരെ ഉടനടി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.അപകടത്തെത്തുടർന്ന് ഫെഡറൽ ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.