

ആധുനിക ഭൗതികശാസ്ത്രത്തിന്റെ നെടുംതൂണായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻ. 1955 ഏപ്രിൽ 18-ന്, ന്യൂ ജേഴ്‌സിലെ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച മരണപ്പെടും മുന്നേ മഹാനായ ഐൻസ്റ്റീന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുള്ളൂ, മരണശേഷം തൻ്റെ ശരീരം എത്രയും പെട്ടെന്ന് ദഹിപ്പിക്കണം, ചിതാഭസ്‌മം പുറംലോകം അറിയാതെ രഹസ്യമായി വിതറണം. തൻ്റെ ഭൗതികശരീരം ഒരു ആരാധനാവസ്തുവോ ചരിത്രരേഖയോ ആയി മാറുന്നത് ഒരിക്കലും ഐൻസ്റ്റീൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ആ മനുഷ്യന്റെ അന്ത്യാഭിലാഷത്തിന് വിപരീതമായാണ് സംഭവിച്ചതെല്ലാം. (Brain of Albert Einstein)
ഐൻസ്‌റ്റീൻ്റെ മരണാനന്തര ചടങ്ങുകൾക്കായി നിയോഗിക്കപ്പെട്ട പ്രിൻസ്‌ടൺ ആശുപത്രിയിലെ മുഖ്യ പാത്തോളജിസ്റ്റായിരുന്ന ഡോ. തോമസ് സ്റ്റോൾട്സ് ഹാർവിക്ക് മറ്റൊരു ലക്ഷ്യമാണുണ്ടായിരുന്നത്. ഐൻസ്‌റ്റീൻ്റെ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ, ഹാർവി പോസ്റ്റ്‌മോർട്ടം നിർവഹിച്ചു, അതൊരു അസാധാരണ പോസ്റ്റ്‌മോർട്ടമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന്റെ സമയത്ത് ഹാർവി ഐൻസ്‌റ്റീൻ്റെ വിലമതിക്കുവാൻ കഴിയാത്ത ഒരു വസ്തു മോഷ്ടിക്കുന്നു. മോഷ്ട്ടികുക്ക മാത്രമല്ല, അത് 200 കഷണങ്ങളാക്കി മുറിച്ച് സൂക്ഷിക്കുന്നു. ഹാർവി മോഷ്ടിച്ചത് ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവിന്റെ മസ്തിഷ്കമായിരുന്നു.
ഐൻസ്‌റ്റീൻ്റെ മൃതദേഹ പരിശോധന നടത്തുന്നതിനിടെ ഹാർവി ആരുടെയും അനുമതിയില്ലാതെ ഐൻസ്‌റ്റീൻ്റെ മസ്തിഷ്കം പുറത്തെടുക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ പ്രതിഭയുടെ മസ്തിഷ്‌കത്തിൽ അദ്ദേഹത്തിൻ്റെ ബുദ്ധിയുടെ രഹസ്യം ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവുമെന്ന ചിന്തയായിരുന്നു ഹാർവിയെ ഈ പ്രവർത്തിയിലേക്ക് നയിച്ചത്. ഐൻസ്‌റ്റീൻ്റെ മസ്തിഷ്കം പുറത്തെടുത്ത ശേഷം അതിന്റെ ഭാരമാണ് ഹാർവി ആദ്യം നോക്കിയത്, ഐൻസ്‌റ്റീൻ്റെ മസ്തിഷ്കത്തിന്റെ ഭാരം കണ്ട ഹാർവി ശെരിക്കും ഞെട്ടി. സാധാരണ മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ഭാരം 1300 gm മുതൽ 1400 gm വരെയാണ് എന്നാൽ ഐൻസ്‌റ്റീൻ്റെ മസ്തിഷ്കത്തിന്റെ ഭാരം 1230 gm മാത്രമായിരുന്നു.
ഭാരം നോക്കിയ ശേഷം ഐൻസ്‌റ്റീൻ്റെ മസ്തിഷ്കത്തിന്റെ ചിത്രങ്ങൾ പകർത്തുന്നു. അധികം വൈകാതെ തന്നെ ഹാർവി ഐൻസ്‌റ്റീൻ്റെ മസ്തിഷ്കം പുറത്തെടുത്ത് വിവരം ആശുപത്രി അധികൃതർ അറിയുന്നു. അതോടെ ഹാർവിക്ക് പ്രിൻസ്‌ടണിലെ ജോലി നഷ്ടമായി. എന്നാൽ, ശാസ്ത്രീയ ഗവേഷണങ്ങൾക്ക് മാത്രമേ മസ്തിഷ്‌കം ഉപയോഗിക്കാവൂ എന്ന കർശന വ്യവസ്ഥയിൽ മകൻ ഹാൻസ് ആൽബർട്ട് ഐൻസ്‌റ്റീൻ, മസ്‌തിഷ്കം ഹാർവിയുടെ കൈവശം സൂക്ഷിക്കാൻ ഒടുവിൽ സമ്മതം നൽകി. എന്നാൽ ബ്രെയിൻ സ്പെഷ്യലിസ്റ്റ് അല്ലാത്ത ഹാർവിക്ക് മനുഷ്യന്റെ തലച്ചോറിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല.
സൈഡർ പെട്ടിയിലെ 40 വർഷം
ഒരു മ്യൂസിയത്തിൽ സൂക്ഷിക്കേണ്ട ഈ അമൂല്യവസ്‌തുവിനെ ഹാർവി കൈകാര്യം ചെയ്‌ത രീതിയാണ് ഈ കഥയിലെ ഏറ്റവും വിചിത്രമായ ഭാഗം. ഹാർവി ഐൻസ്‌റ്റീൻ്റെ മസ്തിഷ്‌കം ഏകദേശം 240 ചെറിയ കട്ടകളായി മുറിച്ചു. ഇവയെല്ലാം ഫോർമാലിൻ ലായനിയിലോ പ്രത്യേക പ്ലാസ്റ്റിക് പോലുള്ള പദാർത്ഥങ്ങളിലും സൂക്ഷിച്ചു. ശേഷം ഐൻസ്‌റ്റീൻ്റെ തലച്ചോറിന്റെ ഭാഗങ്ങൾ ലോകമെമ്പാടുമുള്ള ഗവേഷകർക്ക് പഠനത്തിനായി ഹാർവി അയച്ചു കൊടുത്തു.
ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച് അയാൾ കൊണ്ടുപോയ തലച്ചോറ് ഹാർവിക്ക് ദുരന്തങ്ങൾ മാത്രമാണ് സമ്മാനിച്ചത്. ജോലി നഷ്ടമായ ഹാർവി പല സംസ്ഥാനങ്ങളിലായി അലഞ്ഞുതിരിഞ്ഞു. അദ്ദേഹം വിവാഹബന്ധം വേർപെടുത്തി. താൻ എടുത്ത തലച്ചോറിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അദ്ദേഹത്തിന് പിന്നീട് ഒരിക്കലും ഒരു ആശുപത്രിയിലും കാലുകുത്താൻ കഴിഞ്ഞില്ല. പല ജോലികൾ ചെയ്‌തു (പ്ലാസ്റ്റിക് ഫാക്‌ടറിയിലെ രാത്രി ഷിഫ്റ്റ് ഉൾപ്പെടെ). ഈ യാത്രകളിലെല്ലാം ഐൻസ്‌റ്റീൻ്റെ മസ്തിഷ്‌കത്തിൻ്റെ കഷണങ്ങൾ അടങ്ങിയ ഭരണി ഒരു സൈഡർ പെട്ടിയിലോ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ കാറിൻ്റെ ഡിക്കിയിലോ സുരക്ഷിതമല്ലാത്ത നിലയിൽ ഉണ്ടായിരുന്നു.
1978-ൽ സ്റ്റീവൻ ലെവി എന്ന പത്രപ്രവർത്തകൻ കൻസാസിലെ വിചിറ്റയിൽ വെച്ച് ഹാർവിയെ കണ്ടെത്തുന്നതുവരെ ലോകം ഈ മസ്തിഷ്‌കത്തിൻ്റെ കൃത്യമായ സ്ഥാനം അറിഞ്ഞിരുന്നില്ല. ഹാർവിയുടെ വീട്ടിലെ മസാലകൾ സൂക്ഷിക്കുന്ന രണ്ട് ഭരണിയിൽ ഈ മസ്തിഷ്‌ക ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് ഈ കഥ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
ശാസ്ത്രം തേടിയെത്താത്ത സത്യം
ഐൻസ്‌റ്റീൻ്റെ മസ്‌തിഷ്‌കം പ്രതിഭയുടെ രഹസ്യം ചുരുളഴിയുന്ന ഒരു താക്കോലായിരിക്കുമെന്ന ഹാർവിയുടെ പ്രതീക്ഷ ഫലിച്ചില്ല. 40 വർഷത്തിനിടെ അദ്ദേഹം പല ന്യൂറോ സയൻ്റിസ്റ്റുകൾക്ക് മസ്‌തിഷ്‌ക ഭാഗങ്ങൾ പഠനത്തിനായി നൽകിയെങ്കിലും നിർണായകമായ കണ്ടെത്തലുകൾ ഒന്നും ഉണ്ടായില്ല. 1985-ൽ നടന്ന ആദ്യ പഠനങ്ങൾ, മസ്തിഷ്‌കത്തിൽ ചില ഭാഗങ്ങളിൽ ഗ്ലിയൽ കോശങ്ങളുടെ (ന്യൂറോണുകളെ പിന്തുണയ്ക്കുന്ന കോശങ്ങൾ) എണ്ണം കൂടുതലായിരുന്നുവെന്ന് സൂചിപ്പിച്ചു.പിന്നീടുള്ള പഠനങ്ങളിൽ, ഐൻസ്‌റ്റീൻ്റെ മസ്തിഷ്‌കത്തിൽ ചില പ്രത്യേക ഭാഗങ്ങളിൽ (പ്രത്യേകിച്ച് ഗണിതശാസ്ത്രപരവും ദൃശ്യപരവുമായ ചിന്തകൾ കൈകാര്യം ചെയ്യുന്ന ഭാഗങ്ങളിൽ) സാധാരണ മനുഷ്യരേക്കാൾ വളരെയധികം ചുളിവുകളും അസാധാരണ രൂപഘടനയും ഉണ്ടായിരുന്നതായി കണ്ടെത്തി. എങ്കിലും, ഈ വ്യത്യാസങ്ങൾ അദ്ദേഹത്തിൻ്റെ പ്രതിഭയ്ക്ക് കാരണമായോ എന്നത് ഇന്നും തർക്കവിഷയമായി അവശേഷിക്കുന്നു.
2010-ൽ, ഡോ. ഹാർവിയുടെ പിൻഗാമികൾ വാഷിംഗ്ടൺ ഡി.സി.ക്ക് സമീപമുള്ള നാഷണൽ മ്യൂസിയം ഓഫ് ഹെൽത്ത് ആൻഡ് മെഡിസിലേക്ക് മസ്തിഷ്ക കലകളും ഫോട്ടോഗ്രാഫുകളും നൽകി. ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയം 46 ഭാഗങ്ങൾ ഏറ്റെടുത്തു. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭൗതികശാസ്ത്രജ്ഞന്റെ തലച്ചോറിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അന്ന് ഐൻസ്‌റ്റീൻ്റെ മസ്തിഷ്കം മാത്രമായിരുന്നില്ല ഹാർവി അനുമതിയില്ലാതെ എടുത്തത്. ഐൻസ്‌റ്റീൻ്റെ കണ്ണുകളും നീക്കം ചെയ്തിരുന്നു. ശേഷം ഐൻസ്‌റ്റീൻ്റെ നേത്രരോഗവിദഗ്ദ്ധനായ ഹെൻറി അബ്രാംസിന് നൽകുകയും ചെയ്തു. അവ ഇപ്പോഴും ന്യൂയോർക്ക് നഗരത്തിലെ ഒരു സുരക്ഷിതസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ട്.
Despite Albert Einstein's explicit wish for his body to be cremated, pathologist Dr. Thomas Harvey controversially removed and stole the physicist's brain during the autopsy in 1955, driven by the belief it held the secret to his genius. Harvey subsequently cut the brain into approximately 240 pieces and spent the next 40 years keeping the fragments, often stored in formalin jars inside a cider box, while drifting between various jobs. Although Harvey failed to uncover any definitive secrets, the bizarre story of the traveling brain became infamous, and the remaining slices are now on display for scientific and public interest.