
നമ്മുടെ ഭൂമിയിൽ മനുഷ്യർക്ക് എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള ഒരിടമുണ്ട്. ഭൂപടത്തിൽ പോലും ഈ സ്ഥലത്തെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല, മഞ്ഞിന്റെ പിടിയിൽ കുടുങ്ങിയ ഒരു കുഞ്ഞൻ ദ്വീപ്. മഞ്ഞ് കൊണ്ട് മൂടിയ ഈ ദ്വീപ് പ്രകൃതിയുടെ ഏകാന്തതയുടെ പ്രതീകം കൂടിയാണ്. അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ അതിരുകൾക്കപ്പുറം, ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ ഒളിഞ്ഞിരിക്കുന്ന ബൂവെ ദ്വീപ് (Bouvet Island). ലോകത്തിലെ ഏറ്റവും ഏകാന്തമായ ദ്വീപ് എന്ന് അറിയപ്പെടുന്ന ഈ കുഞ്ഞൻ ദ്വീപ് മഞ്ഞിന്റെ നിഗൂഢ ലോകമാണ്.
മനുഷ്യവാസമില്ല ബൂവെ ദ്വീപിൻ്റെ ഏറ്റവും വലിയ സവിശേഷത അതിൻ്റെ ഏകാന്തത തന്നെയാണ്. ഒരു അഗ്നിപർവ്വത ദ്വീപായ ബൂവെ ദ്വീപ് ഭൂമിയിലെ ഏറ്റവും ഏകാന്തമായ ദ്വീപ് എന്ന് വിശേഷിപ്പിക്കുന്നത് വെറുതെയല്ല. നമ്മുടെ ഭൂമിയിൽ തീർത്തും ഒറ്റപ്പെട്ട കര പ്രദേശമാണ് ഇത്. ഏറ്റവും അടുത്തുള്ള കരപ്രദേശത്തു നിന്ന് പോലും ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ഈ ദ്വീപിൽ എത്തിച്ചേരാൻ സാധിക്കു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് ഏകദേശം 2,500 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറി, അന്റാർട്ടിക്കയിൽ നിന്ന് 1,700 കിലോമീറ്റർ വടക്കുമായാണ് ബൂവെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സബ്അന്റാർട്ടിക് ഗണത്തിൽപെടുന്ന ഈ ദ്വീപ് നോർവേയുടെ അധീനതയിലാണ്. നാളിതുവരെ ഈ ദ്വീപിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം നൂറിൽ താഴെ മാത്രമാണ്. ദ്വീപിലെ അതികഠിനമായ കാലാവസ്ഥ കാരണം സഞ്ചരിക്കൾക്ക് ഇവിടേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ല.
49 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപിന്റെ 90% ഭാഗവും കട്ടിയുള്ള ഹിമാനികൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ദ്വീപിന്റെ ഏഴുശതമാനത്തിൽ താഴെ മാത്രമാണ് ഹിമാനികൾ ഇല്ലാത്ത പ്രദേശമുള്ളത്. മിഡ്-അറ്റ്ലാന്റിക് റിഡ്ജിലെ സജീവമല്ലാത്ത ഒരു അഗ്നിപർവ്വതത്തിൻ്റെ മുകളിലായാണ് ദ്വീപിന്റെ സ്ഥാനം. ദ്വീപിലെ ഏറ്റവും ഉയരമുള്ള പ്രദേശം ഒലാവ്‌ടോപ്പെൻ (Olavtoppen) ആണ്, ഇതിന് സമുദ്രനിരപ്പിൽ നിന്ന് 780 മീറ്റർ (2,560 അടി) ഉയരമുണ്ട്.
1739 ജനുവരി 1 ന്, ഫ്രഞ്ച് കമാൻഡർ ചാൾസ് ബൂവെ ഡി ലോസിയറാണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തുന്നത്. അത്യന്തം കഠിനമായ കാലാവസ്ഥ കാരണം അദ്ദേഹം ദ്വീപിൽ ഇറങ്ങിയിരുന്നില്ല. എന്നാൽ, 1808-ൽ ബ്രിട്ടീഷ് തിമിംഗല വേട്ടക്കാരനായ ജെയിംസ് ലിൻഡ്സെ ഈ ദ്വീപ് കണ്ടെത്തി അതിന് ലിൻഡ്സെ ദ്വീപ് എന്ന പേര് നൽകുന്നു. 1927-ൽ ഒരു നോർവീജിയൻ പര്യവേഷണ സംഘം ദ്വീപിൽ എത്തുകയും ഈ ദ്വീപ് നോർവേയുടെ അധീനതയിലാക്കുയുമായിരുന്നു.
ബൂവെ ദ്വീപിൽ കടൽത്തീര അന്റാർട്ടിക് കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വർഷം മുഴുവനും പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്താണ് ഇവിടുത്തെ താപനില. ചൂടുള്ള മാസമായ ജനുവരിയിൽ പോലും ശരാശരി 1∘C-യും തണുപ്പേറിയ മാസങ്ങളിൽ −3∘C യുമാണ് താപനില. മാർച്ച്, ഡിസംബർ മാസങ്ങളിൽ രേഖപ്പെടുത്തിയ 10.6°C (51.1°F) ആണ് ദ്വീപിലെ ഏറ്റവും കൂടിയ താപനില. ദ്വീപിന്റെ ഈ കഠിനമായ സാഹചര്യങ്ങൾ കാരണം വലിയ മരങ്ങളോ സസ്യങ്ങളോ ഇവിടെ വളരുന്നില്ല. പായലുകളും ലൈക്കനുകളും പിന്നെ പെൻഗ്വിനുകൾ മാത്രമാണ് ദ്വീപിലുള്ളത്. സ്നോ പെട്രൽ, അന്റാർട്ടിക് പ്രിയോൺ തുടങ്ങിയ കടൽ പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. 1977 ൽ ദ്വീപിലെ ജീവജാലങ്ങളുടെ ജീവിതചക്രം പഠിക്കുന്നതിനായി നോർവീജിയൻ സർക്കാർ ഇവിടെ ഒരു ഓട്ടോമേറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നു.
Summary: Bouvet Island, located deep in the South Atlantic Ocean, is considered the most isolated island on Earth. Almost 90% of its surface is covered by thick glaciers, making it nearly impossible for humans to inhabit. Discovered by French commander Charles Bouvet de Lozier in 1739, this icy volcanic island remains one of nature’s most mysterious and untouched places.