

സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവെപ്പിൽ അക്രമിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങി നിരവധി ജീവൻ രക്ഷിച്ച അഹമ്മദ് അൽ അഹമ്മദ് (43) ആശുപത്രിയിൽ ചികിത്സയിൽ. കൈക്കും കൈത്തണ്ടക്കും വെടിയേറ്റ അഹമ്മദ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരികയാണെന്ന് കുടുംബം അറിയിച്ചു. ( Bondi Beach Mass Shooting)
പാർക്ക് ചെയ്ത കാറുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന അഹമ്മദ്, അക്രമിയുടെ പുറകിലൂടെ വന്ന് റൈഫിൾ പിടിച്ചെടുക്കുകയും അയാളെ തറയിലിടുകയും ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബോണ്ടി ബീച്ചിൽ നടന്ന ജൂത ആഘോഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. 50 വയസ്സുള്ള അച്ഛനും 24 വയസ്സുള്ള മകനുമാണ് ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയൻ പോലീസ് അറിയിച്ചത്. രാജ്യത്ത് ഏകദേശം 30 വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ കൂട്ട വെടിവെപ്പാണിത്.
അഹമ്മദിൻ്റെ കൈക്കും കൈത്തണ്ടക്കും വെടിയേറ്റിരുന്നു. ആദ്യ ശസ്ത്രക്രിയ കഴിഞ്ഞെന്നും ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് രണ്ടോ മൂന്നോ ശസ്ത്രക്രിയകൾ കൂടി വേണ്ടി വരുമെന്നും ബന്ധുകൾ അറിയിച്ചു. അഹമ്മദിനെ 'വളരെ ധീരനായ വ്യക്തി' എന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ന്യൂ സൗത്ത് വെയിൽസ് പ്രധാനമന്ത്രി ക്രിസ് മിൻസ് അദ്ദേഹത്തെ 'യഥാർത്ഥ ഹീറോ' എന്ന് പ്രശംസിച്ചു. അഹമ്മദിനായി ആരംഭിച്ച GoFundMe കാമ്പെയ്‌നിലൂടെ മണിക്കൂറുകൾക്കുള്ളിൽ 200,000 ഓസ്‌ട്രേലിയൻ ഡോളറിൽ അധികം (ഏകദേശം ഒരു കോടി ഇരുപതുലക്ഷത്തോളം രൂപ) സമാഹരിച്ചു.
Ahmed al Ahmed (43), a Sydney resident, is being hailed as a 'hero' after he successfully disarmed one of the gunmen during the mass shooting at Bondi Beach by tackling him from behind and seizing his rifle. Ahmed, who suffered bullet wounds to his arm and hand, is recovering in St George Hospital after undergoing his first surgery. His actions are credited with saving many lives.