സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ ആക്രമണം നടത്തിയ പ്രതികളായ സാജിദ് അക്രമും (50) മകൻ നവീദ് അക്രമും (24) ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നതായി റിപ്പോർട്ട്. ഇമിഗ്രേഷൻ അധികൃതരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.(Bondi Beach attack, Suspects reportedly visited the Philippines on Indian passports)
നേരത്തെ പ്രതികൾ പാകിസ്താൻകാരാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുറത്തുവന്ന പുതിയ റിപ്പോർട്ടനുസരിച്ച്, സാജിദ് അക്രമും നവീദ് അക്രമും നവംബർ ഒന്നിനാണ് ഫിലിപ്പീൻസിൽ എത്തിയത്. ഇതിനായി ഇന്ത്യൻ പാസ്‌പോർട്ടാണ് ഉപയോഗിച്ചത്. നവംബർ 28-ന് ഇവർ അവിടെ നിന്ന് തിരികെ പോയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഫിലിപ്പീൻസ് അധികൃതർ അറിയിച്ചു.
ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ 42 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരിൽ പത്തുവയസ്സുകാരി, ഒരു ജൂതപുരോഹിതൻ, ഇസ്രായേൽ പൗരൻ, നാസികളുടെ ജൂതവംശഹത്യയെ അതിജീവിച്ചയാൾ എന്നിവർ ഉൾപ്പെടുന്നു.
ആക്രമണത്തിന് പിന്നിൽ 50 വയസ്സുകാരനായ സാജിദ് അക്രമും മകൻ നവീദ് അക്രമും (24) ആണ്. ആക്രമണത്തിനിടെ സാജിദ് അക്രം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ നവീദ് അക്രം നിലവിൽ ചികിത്സയിലാണ്. പ്രതികളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സാജിദ് അക്രം 1998-ലാണ് വിദ്യാർഥി വിസയിൽ ഓസ്ട്രേലിയയിൽ എത്തിയത്. ഇയാൾ ഏത് രാജ്യത്തുനിന്നാണ് കുടിയേറിയതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാക് വംശജനാണെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സിഡ്‌നിയിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) സംഘവുമായി നവീദിനുള്ള ബന്ധത്തെക്കുറിച്ച് ഓസ്‌ട്രേലിയയുടെ ആഭ്യന്തര ചാരസംഘടനയായ ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഏജൻസി (ASIO) 2019-ൽ ആറുമാസത്തോളം അന്വേഷണം നടത്തിയിരുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് തിങ്കളാഴ്ച വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് രണ്ട് ഐ.ഇ.ഡി.കൾ ലഭിച്ചിരുന്നെന്നും, ഈ ബോംബുകൾ നിർവീര്യമാക്കിയെന്നും അധികൃതർ അറിയിച്ചു.