സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷമായ ഹനുക്ക 'ബൈ ദ സീ' പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികളുടെ തുടയ്ക്കും കാലിനുമാണ് പരിക്കേറ്റതെങ്കിലും പേരുവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.(Bondi Beach attack, Accused wakes up from coma)
ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ക്യാമ്പ്‌ബെൽ പരേഡിന് സമീപം നാനൂറോളം ആളുകൾ തടിച്ചുകൂടിയ ചടങ്ങിലാണ് ആക്രമണം നടന്നത്. വെടിവെപ്പിൽ ഒരു പത്തുവയസ്സുകാരൻ ഉൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഭീകരാക്രമണമായി പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
സംഭവസ്ഥലത്തുനിന്ന് കൈകൊണ്ട് നിർമ്മിച്ച സ്ഫോടകവസ്തുക്കളും (IEDs) രണ്ട് ഐസിസ് പതാകകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 50-കാരനായ പിതാവ് സാജിദ് അക്രവും മകൻ നവീദ് അക്രമുമാണ് (24) വെടിയുതിർത്തത്. പിതാവിനെ പോലീസ് സംഭവസ്ഥലത്തുവെച്ച് വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട സാജിദ് അക്രമിന് 2023-ൽ അനുവദിച്ച 'കാറ്റഗറി എ ബി' തോക്കിന്റെ ലൈസൻസ് ഉണ്ടായിരുന്നു. ഇയാളുടെ പിതാവിന്റെ കൈവശം ആറ് തോക്ക് ലൈസൻസുകൾ ഉണ്ടായിരുന്നു.
ബോണ്ടി ബീച്ച് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പ്രതി നവീദ് അക്രം (24) കോമയിൽ നിന്ന് ഉണർന്ന് ബോധം തെളിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. സിഡ്‌നിയിലെ ആശുപത്രിയിൽ ശക്തമായ പോലീസ് കാവലിൽ ചികിത്സയിൽ കഴിയുന്ന ഇയാൾക്കെതിരെ ഉടൻ കുറ്റം ചുമത്തുമെന്ന് ന്യൂ സൗത്ത് വെയിൽസ് (എൻ.എസ്.ഡബ്ല്യു.) പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണത്തിന് പിന്നിലെ കൂടുതൽ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അക്രമികൾ നവംബറിൽ ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നു. ഈ യാത്രയുടെ ഉദ്ദേശ്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഈ യാത്രയിൽ ഒരാൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്‍.എസ്.ഡബ്ല്യു. പോലീസ് കമ്മീഷണർ മാൽ ലാനിയൻ, ഈ സംഭവം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമല്ലെന്ന് വ്യക്തമാക്കി. എൻ.എസ്.ഡബ്ല്യു. പോലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, എ.എസ്.ഐ.ഒ. എന്നിവർ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. വിദേശ പൗരന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോൺസുലർ ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്.