

റഫാ: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു ഇസ്രായേലി സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ കൂടി ഹമാസ് കണ്ടെടുത്തു. തെക്കൻ റഫായിലെ ഒരു ടണലിൽ നിന്നാണ് ലഫ്റ്റനൻ്റ് ഹദർ ഗോൾഡിൻ്റെ ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കെ ഇസ്രായേൽ ആക്രമണം തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മധ്യ ബുറൈജിനിലെ അഭയാർഥി ക്യാമ്പിൽ ഒരാളെയും പ്രദേശത്തിൻ്റെ വടക്ക്, തെക്ക് ഭാഗങ്ങളിലുള്ള രണ്ടു പേരെയും ഇസ്രായേൽ കൊലപ്പെടുത്തി.തുബാസിന് തെക്കുള്ള ഫറാ അഭയാർഥി ക്യാമ്പിൽ വെച്ച് ഒരു ഫലസ്തീൻ പൗരനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. ഇസ്രായേലി കുടിയേറ്റക്കാർ പ്രദേശത്തെ ഫലസ്തീൻ കർഷകർക്ക് നേരെ ആക്രമണം തുടരുന്നതായും റിപ്പോർട്ടുണ്ട്.
ഗസ്സയിൽ രണ്ട് വർഷം മുമ്പ് ഇസ്രായേൽ ആരംഭിച്ച ആക്രമണത്തിൽ 69,169 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.170,685 പേർക്ക് പരിക്കേറ്റു.ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു വരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതും മരണസംഖ്യ കൂടാൻ കാരണമാകുന്നു.