

ചെർണോബിൽ, യുക്രെയ്ൻ: ലോകത്തെ നടുക്കിയ ആണവ ദുരന്തം നടന്ന ചെർണോബിൽ പ്രദേശത്തിന് സമീപത്തായി നീല നിറത്തിലുള്ള നായ്ക്കളെ കണ്ടെത്തിയ സംഭവം ആശങ്ക പരത്തുന്നു. നായ്ക്കളുടെ ഞെട്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചെർണോബിൽ ആണവ നിലയത്തിന് സമീപമുള്ള പ്രദേശത്താണ് സംഭവം. ഒരാഴ്ചയ്ക്കുള്ളിലാണ് നായ്ക്കൾക്ക് ഈ നിറം മാറ്റം സംഭവിച്ചതെന്നും ഇതിൻ്റെ കാരണം എന്താണെന്ന് ഉറപ്പില്ലെന്നും പ്രദേശവാസികൾ പറയുന്നു. 'ഡോഗ്‌സ് ഓഫ് ചെർണോബിൽ' ഓർഗനൈസേഷനെന്ന, പ്രദേശത്തെ നായ്ക്കളെ പരിപാലിക്കുന്ന ഈ സംഘടനയാണ് നീല നിറത്തിലുള്ള നായ്ക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചത്.
"ചെർണോബിലിൽ കണ്ടെത്തിയ നീലനിറത്തിലുള്ള നായ്ക്കൾ. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടുന്നതിനിടയിൽ പൂർണമായും നീലനിറമായ മൂന്ന് നായ്ക്കളെയാണ് ഞങ്ങൾ കണ്ടുമുട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കും കൃത്യമായി അറിയില്ല." -എന്നാണ് സംഘടന വ്യക്തമാക്കുന്നത്.
നായ്ക്കൾക്ക് നിറം മാറ്റം വരാൻ കാരണം ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
'ഡോഗ്‌സ് ഓഫ് ചെർണോബിൽ' ഓർഗനൈസേഷൻ നായ്ക്കളെ പിടികൂടി കാരണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവ വളരെ ആക്ടീവായി നിൽക്കുന്നതിനാൽ ഇപ്പോൾ പിടികൂടാൻ സാധിക്കുന്നില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ദുരന്തമാണ് 1986 ഏപ്രിൽ 26-ന് രാത്രി 01:23:40 ന് നടന്ന ചെർണോബിൽ ന്യൂക്ലിയർ ദുരന്തം.
പ്രിപ്യാറ്റിലെ ചെർണോബിൽ ആണവോർജ്ജ പ്ലാൻ്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്.
ആണവ ദുരന്തത്തിന് ശേഷം റേഡിയേഷൻ ബാധിച്ച പ്രദേശത്ത് കഴിയുന്ന നിരവധി നായ്ക്കളെ ഈ സംഘടന പരിപാലിക്കുന്നുണ്ട്.