

ന്യൂഡൽഹി: അൽ ഖാഇദ സ്ഥാപകനായ ഉസാമ ബിൻ ലാദൻ തോറബോറ മലനിരകളിൽ നിന്ന് രക്ഷപ്പെട്ടത് സ്ത്രീയുടെ വേഷം ധരിച്ചായിരുന്നു എന്ന് സി.ഐ.എ. മുൻ ഉദ്യോഗസ്ഥൻ്റെ നിർണായക വെളിപ്പെടുത്തൽ. 2001 സെപ്റ്റംബർ 11-ലെ ട്വിൻ ടവർ ആക്രമണത്തിനുശേഷം അമേരിക്കയുടെ പ്രധാന ലക്ഷ്യമായിരുന്ന ബിൻ ലാദനെ വളഞ്ഞ സമയത്തെ വിവരങ്ങളാണ് സി.ഐ.എ.യുടെ പാകിസ്താനിലെ മുൻ തലവനായിരുന്ന ജോൺ കിരിയാകൂ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
രക്ഷപ്പെട്ടതിൻ്റെ വിവരങ്ങൾ ഇങ്ങനെ . ..
"ബിൻ ലാദൻ തോറബോറ മലകളിൽ ഉണ്ടെന്ന് മനസ്സിലാക്കി അവിടം ഞങ്ങൾ വളഞ്ഞു. അദ്ദേഹത്തോട് മലയിറങ്ങാൻ ആവശ്യപ്പെട്ടു."
"പുലരുവോളം സമയം തരണമെന്ന് ബിൻ ലാദൻ ഞങ്ങളോട് ചോദിക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാൻ സമയം നൽകിയാൽ വൈകുന്നേരത്തോടെ കീഴടങ്ങാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദ്വിഭാഷി ജനറൽ ഫ്രാങ്ക്സിനെ ഈ ആശയം അംഗീകരിക്കാൻ പ്രേരിപ്പിച്ചു."
സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്നതിനൊപ്പം, മറ്റാരും അറിയാതെ സ്ത്രീവേഷം ധരിച്ച ബിൻ ലാദൻ ഒരു പിക്കപ്പ് ട്രക്കിൽ കയറി പാകിസ്താനിലേക്ക് രക്ഷപ്പെടുകയായിരുന്നു."വൈകുന്നേരത്തോടെ ഞങ്ങൾ തിരയുമ്പോൾ അവിടെ ആരും അവശേഷിച്ചിരുന്നില്ല," കിരിയാകൂ വ്യക്തമാക്കി.
തുടർന്നുള്ള അന്വേഷണം
9/11 ആക്രമണത്തിന് ശേഷം അൽ ഖാഇദ തീവ്രവാദികളെ അമേരിക്ക വളഞ്ഞതിനെക്കുറിച്ചും അവർ പാകിസ്താനിലേക്ക് പലായനം ചെയ്തതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സി.ഐ.എയുടെ സെൻട്രൽ കമാൻഡറുടെ ദ്വിഭാഷി അൽ ഖാഇദയുടെ ചാരനായിരുന്നുവെന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011 മെയ് മാസത്തിൽ വടക്കൻ പാകിസ്താൻ നഗരമായ അബോട്ടാബാദിൽ വെച്ച് യു.എസ്. സൈന്യം ഒസാമ ബിൻ ലാദനെ കണ്ടെത്തുകയും മെയ് രണ്ടിന് അദ്ദേഹത്തിന്റെ ഭവനത്തിൽ നടത്തിയ റെയ്ഡിനിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെഷ്യൽ ഫോഴ്‌സ് അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു.