ലണ്ടന്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിലെ ആളുകള്‍ ഒത്തുകൂടി. പഹല്‍ഗാം ആക്രമണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സമൂഹത്തിലെ അംഗങ്ങളും ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് ഒത്തുകൂടിയത്.
ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധിച്ച ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ പാകിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിക്കുകയും 26 പേരുടെ മരണത്തില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. നിരപരാധികളുടെ മരണത്തില്‍ ഇന്ത്യന്‍ പതാകകളും ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ച് ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ഇരകള്‍ക്ക് നീതി ആവശ്യപ്പെടുകയും ചെയ്തു.
'ഭാരത് മാതാ കീ ജയ്', 'പാകിസ്ഥാന്‍ തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാര്‍ 'ഞാന്‍ ഒരു ഹിന്ദുവാണ്' എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചത്. ഇന്ത്യയെ ആക്രമിക്കുന്ന ഭീകരരെ പാകിസ്ഥാന്‍ ഒളിപ്പിച്ചുവെക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
'പാകിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു, അതുകൊണ്ടാണ് പഹല്‍ഗാമില്‍ നമ്മുടെ 26 പേര്‍ കൊല്ലപ്പെട്ടതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍ താമസിക്കുന്ന മുഴുവന്‍ ഇന്ത്യന്‍ സമൂഹവും ഈ ഭീകരമായ ആക്രമണത്തില്‍ ദുഃഖിതരാണെന്ന് മറ്റൊരു പ്രതിഷേധക്കാരന്‍ പറഞ്ഞു. ദുഃഖത്തിന്റെയും ഐക്യത്തിന്റെയും സമാധാനപരമായ പ്രകടനമായിട്ടാണ് അദ്ദേഹം തന്റെ പ്രതിഷേധത്തെ വിശേഷിപ്പിച്ചത്.
ഇതോടെ പാകിസ്ഥാന്‍ അസ്വസ്ഥരായി. പ്രതിഷേധം കണ്ട് പ്രകോപിതനായി ഹൈക്കമ്മീഷനില്‍ നിന്ന് പുറത്തിറങ്ങിയ പാകിസ്ഥാന്‍ പ്രതിരോധ അറ്റാഷെ, അഭിനന്ദന്‍ വര്‍ധമാന്‍ ചായ കുടിക്കുന്ന ചിത്രം കാണിച്ച് കഴുത്ത് അറുക്കുന്ന ആംഗ്യം കാണിച്ചു.