

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയം. അമേരിക്ക തങ്ങളുടെ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ സാധ്യമായ വഴികളെല്ലാം തേടുന്ന സമയമായിരുന്നു അത്. ശത്രുക്കളെ മുട്ടുകുത്തിക്കാൻ അവർക്ക് വേണ്ടിയിരുന്നത് അത്യാധുനിക ആയുധങ്ങളായിരുന്നു. ശത്രുക്കളെ അവരുടെ തന്നെ സങ്കേതത്തിൽ വച്ചു തന്നെ നശിപ്പിക്കുക, ഇതിനായി ഒരു മിസൈൽ വേണം. ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി പറന്നുചെല്ലുന്ന മിസൈൽ. ഒടുവിൽ അമേരിക്ക അങ്ങനെയുള്ള ഒരു മിസൈൽ തന്നെ രൂപകൽപ്പന ചെയ്യുന്നു.
പക്ഷേ മിസൈൽ നിയന്ത്രിക്കാൻ സൈന്യം ഒരു സാധാരണ കമ്പ്യൂട്ടറിനെയോ ഇലക്ട്രോണിക് സംവിധാനത്തെയോ ആശ്രയിക്കുന്നത്തിന് പകരം അമേരിക്കൻ സൈന്യം ആശ്രയിച്ചത് ഒരു കൂട്ടം പ്രാവുകളെയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അതെ, ലോക ചരിത്രത്തിലെ ഏറ്റവും വിചിത്രവും രസകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൊന്നായ "പ്രൊജക്റ്റ് പീജിയൺ" (Project Pigeon) എന്നറിയപ്പെടുന്ന ദൗത്യത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
1940 കളുടെ തുടക്കത്തിൽ, അമേരിക്കൻ സൈന്യം ജർമ്മനിക്കും ജപ്പാനുമെതിരെ അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതേ സമയത്താണ്, മൃഗപരിശീലന പരീക്ഷണങ്ങളിലൂടെ പ്രശസ്തനായ മനശ്ശാസ്ത്രജ്ഞനായ ബി. എഫ്. സ്കിന്നർ ഒരു നൂതന ആശയം അവതരിപ്പിക്കുന്നു. ഒരു പ്രാവിനെ പരിശീലിപ്പിച്ചാൽ മിസൈലുകൾ കൃത്യ സ്ഥാനത്ത് എത്തിക്കാൻ കഴിയുമോ? ഓപ്പറേറ്റിംഗ് കണ്ടീഷനിംഗ് സിദ്ധാന്തത്തിന് ലോകപ്രശസ്തനായ സ്കിന്നർ വിശ്വസിച്ചത്, പ്രാവുകളെ പരിശീലിപ്പിച്ചാൽ, അവയ്ക്ക് ഒരു മിസൈലിനെ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ്.
പ്രാവിനെ മിസൈലിൽ സ്ഥാപിച്ചതെങ്ങനെ?
സ്കിന്നറുടെ ആശയം അനുസരിച്ച്, പ്രാവിന് മിസൈലിനുള്ളിൽ ഇരുന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ അതിന്റെ ദിശ നിയന്ത്രിക്കാൻ കഴിയണമായിരുന്നു. മിസൈലിന്റെ മൂക്കിൽ ഒരു ലെൻസും അതിനു താഴെ മൂന്ന് പ്രത്യേക അറകളും സ്ഥാപിച്ചു. ഓരോ അറയുടെയും മുൻവശത്ത് ഒരു സ്ക്രീൻ ഘടിപ്പിച്ചിരുന്നു, അത് മിസൈലിന്റെ പുറംഭാഗത്തിന്റെ കാഴ്ച പ്രക്ഷേപണം ചെയ്തു. ഈ മൂന്ന് അറകളിലായി പരിശീലനം ലഭിച്ച മൂന്ന് പ്രാവുകളെ സ്ഥാപിച്ചു. ഒരു പക്ഷിക്ക് പകരം മൂന്ന് പ്രാവുകളെ ഉപയോഗിച്ചത്, ഒരു പക്ഷി വഴിതെറ്റിപ്പോയാൽ, മറ്റ് രണ്ട് പ്രാവുകൾ ശരിയായ ദിശ ഉറപ്പാക്കുന്നതിനായിരുന്നു.
ഇനി പ്രാവുകൾ എങ്ങനെയാണ് മിസൈലുകൾ പ്രവർത്തിപ്പിക്കുന്നത് എന്ന് നോക്കാം. മിസൈലിന് ഉള്ളിലെ സ്‌ക്രീനിൽ ഒരു ലക്ഷ്യം (ഉദാഹരണത്തിന്, ഒരു കപ്പൽ) കണ്ടാൽ, ആ ഭാഗത്ത് കൊത്താൻ പ്രാവുകളെ പരിശീലിപ്പിക്കുന്നു. ഇങ്ങനെ അവ കൊത്തുമ്പോൾ പ്രാവുകൾക്ക് ഭക്ഷണമായി ചെറിയ ധാന്യങ്ങൾ ലഭിക്കും. മിസൈൽ പറക്കുമ്പോൾ, സ്‌ക്രീനിലെ ലക്ഷ്യം അതിന്റെ മധ്യത്തിൽ നിന്ന് അകന്നുപോയാൽ, പരിശീലനം ലഭിച്ച പ്രാവുകളുടെ കൊത്തുകൾ മിസൈലിന്റെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന സെൻസറുകളിൽ പതിക്കും. മൂന്ന് പ്രാവുകളിൽ ഭൂരിഭാഗവും (രണ്ടോ അതിലധികമോ) കൊത്തുന്നിടത്തെല്ലാം, മിസൈലിന്റെ ചിറകുകൾ അതിനനുസരിച്ച് തിരിയുകയും മിസൈൽ അതിന്റെ ലക്ഷ്യത്തിലേക്ക് കൃത്യമായി മടങ്ങുകയും ചെയ്യും.
പ്രാവുകളുടെ അറകൾ വളരെ ഇടുങ്ങിയതായിരുന്നു, മിസൈൽ ലക്ഷ്യത്തിലെത്തുന്നതുവരെ പ്രാവുകൾക്ക് ഇരുന്നു കൊത്താൻ കഴിയും, പക്ഷേ പറക്കാനോ ദിശ മാറ്റാനോ കഴിഞ്ഞില്ല.സ്കിന്നറുടെ ആദ്യകാല പരീക്ഷണങ്ങളിൽ, പ്രാവുകൾ അത്ഭുതകരമായ കൃത്യത കാണിച്ചു. മിസൈൽ സിമുലേഷനുകളിൽ പോലും വലിയ വിജയത്തോടെ അവ ലക്ഷ്യത്തിലേക്കുള്ള വഴി കണ്ടെത്തി.
പ്രാവുകളുടെ വിധി
സ്കിന്നറും സംഘവും ഒരു വർഷത്തോളം ഈ പദ്ധതിയിൽ കഠിനാധ്വാനം ചെയ്തു. 1944-ൽ, യു.എസ്. നാഷണൽ ഡിഫൻസ് റിസർച്ച് കമ്മിറ്റി (NDRC) ഈ ആശയത്തിന് വലിയൊരു തുക ധനസഹായം നൽകി. എന്നിരുന്നാലും, സൈനിക നേതൃത്വത്തിന് ഈ ആശയം പൂർണ്ണമായി സ്വീകരിക്കാൻ കഴിഞ്ഞില്ല. മിസൈലിന്റെ നിയന്ത്രണം പ്രാവുകളെ ഏൽപ്പിക്കുന്നത് പരിഹാസ്യമാണെന്ന് അവർ കണ്ടെത്തി. 1944 ഒക്ടോബറിൽ, മിസൈൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനം ഉണ്ടായിരുന്നിട്ടും, ഈ വിചിത്ര പരീക്ഷണത്തിന്റെ സാങ്കേതിക വിജയം ഉണ്ടായിരുന്നിട്ടും, സൈന്യം ഔദ്യോഗികമായി "പ്രൊജക്റ്റ് പിജിയൺ" ഉപേക്ഷിച്ചു.
ഒരിക്കലും യുദ്ധത്തിൽ ഉപയോഗിപ്പെടുത്താത്തത് കൊണ്ട് തന്നെ ഈ "പ്രൊജക്റ്റ് പീജിയൺ" ഒരു പരാജയമായി കണക്കാക്കാം, എന്നാൽ ശാസ്ത്ര ലോകത്തിന് ഈ പരീക്ഷണം നൽകിയ സംഭാവന ചെറുതല്ല. ഒരു ജീവിയുടെ പ്രതികരണത്തെ സങ്കീർണ്ണമായ ഒരു സാങ്കേതിക ദൗത്യത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് ഈ പദ്ധതി വിജകരമായി തെളിയിച്ചു. ഈ പരീക്ഷണം പരാജയപ്പെട്ടെങ്കിലും, ഗൈഡഡ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ആദ്യകാല ശ്രമങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. പിന്നീട് അത് ഇലക്ട്രോണിക് ഗൈഡൻസ് സിസ്റ്റങ്ങൾക്ക് വഴിമാറി.
പ്രോജക്റ്റ് പീജിയൺ ഇന്നും ചരിത്രത്തിൽ ഒരു തമാശയായും വിചിത്രമായ ഒരു വസ്തുതയായും തുടരുന്നു. ഒരുകാലത്ത് ലോകത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള പരിശീലനം ലഭിച്ച ഒരു കൂട്ടം പ്രാവുകളുടെ കഥയാണിത്. ശാസ്ത്രീയ ഭാവനയുടെ ശക്തിയുടെയും യുദ്ധകാല ഗവേഷണം നടന്ന അപ്രതീക്ഷിത രീതികളുടെയും ഒരുനേർച്ചിത്രമാണിത്.