വിൽനിയസ്: അയൽരാജ്യമായ ബെലാറൂസ് "കാലാവസ്ഥാ പഠനത്തിനായി" പറത്തുന്ന ബലൂണുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് ലിത്വാനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യൻ സഖ്യകക്ഷിയായ ബെലാറൂസിന്റെ നടപടി വ്യോമാക്രമണമാണെന്നാണ് യുക്രെയ്ൻ അനുകൂല നിലപാടുള്ള ലിത്വാനിയയുടെ വിലയിരുത്തൽ. മന്ത്രിസഭായോഗത്തിന് ശേഷം പ്രധാനമന്ത്രി ഇംഗ റൂജീനീയെനെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യോമാക്രമണമായാണ് സർക്കാർ ഇതിനെ കാണുന്നത്.( Belarus' balloons pose threat to national security, Lithuania declares state of emergency)
ബലൂണുകൾ വ്യോമഗതാഗതത്തെ ബാധിച്ചതിനെത്തുടർന്ന് വിൽനിയസ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായി. രാജ്യത്തിന്റെ അതിർത്തിയിൽ സൈനിക പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സിഗരറ്റ് കടത്താനായി കള്ളക്കടത്തുകാർ അതിർത്തിക്കപ്പുറത്തുനിന്ന് ലിത്വാനിയയിലേക്ക് ബലൂണുകൾ പറത്തിവിടുന്നത് പതിവാണെങ്കിലും, അടുത്തിടെ ഇതിന്റെ എണ്ണം വലിയ തോതിൽ വർധിച്ചതാണ് ലിത്വാനിയയുടെ സംശയത്തിന് കാരണമായത്. ഈ വിഷയം മുൻപും പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇതേ കാരണം ചൂണ്ടിക്കാട്ടി ലിത്വാനിയ അതിർത്തി അടച്ചിരുന്നു.
സൈബർ ആക്രമണങ്ങളുടെ പേരിൽ ബെലാറൂസിനെതിരെ പോളണ്ട് ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അടുത്തിടെ രംഗത്തുവന്നിരുന്നു.