
തണുപ്പടിച്ചാൽ, ഭയം തോന്നിയാൽ, ചില സമയങ്ങളിൽ പാട്ട് കേട്ടാൽ, മനസ്സറിഞ്ഞ് ഒന്ന് സന്തോഷിച്ചാൽ പിന്നെ പറയണ്ടല്ലോ, അപ്പൊ വരും രോമാഞ്ചം. കൈകളിലും കാലുകളിലും ചെറിയ കുരുക്കൾ പോലെ രോമകൂപങ്ങൾ ഉയർന്നു വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? എല്ലാ മനുഷ്യരും ജീവിതത്തിന്റെ പല സാഹചര്യങ്ങളിൽ രോമാഞ്ചം അനുഭവിക്കാറുണ്ട്. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇങ്ങനെ രോമാഞ്ചം ഉണ്ടാകുന്നത് എന്ന്? (What Causes Goosebumps)
രോമാഞ്ചത്തിന് പിന്നിലെ രഹസ്യം
ചില പ്രതേക സാഹചര്യങ്ങളോട് നമ്മുടെ ശരീരം പ്രതികരിക്കുന്ന രീതിയാണ് രോമാഞ്ചം. ഒരു തരം പ്രതിഫലന പ്രവർത്തനമായ ഈ പ്രതിഭാസത്തെ വൈദ്യശാസ്ത്രപരമായി പൈലോറെക്ഷൻ (Piloerection) എന്നാണ് വിളിക്കുന്നത്. നല്ല തണുപ്പുള്ള സമയങ്ങളിൽ ശരീരത്തിൻ്റെ ചൂട് നഷ്ടപ്പെടാതിരിക്കാൻ ശരീരം സ്വയം പ്രതിരോധിക്കുന്നതിൻ്റെ ഒരു ഭാഗമാണ് രോമാഞ്ചം. തണുപ്പുമൂലം രോമാഞ്ചം ഉണ്ടാവുന്നതിലൂടെ ശരീരത്തിനു മുകളിലുള്ള വായുവിൻ്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
മാനസികസമ്മർദ്ദം അനുഭവപ്പെടുമ്പോൾ ശരീരം അഡ്രിനാലിന്‍ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോൺ രക്തവുമായി കലരുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു. ഭയം, സന്തോഷം, ആശ്ചര്യം തുടങ്ങിയ ശക്തമായ വികാരങ്ങൾക്കും ഈ ഹോർമോൺ പ്രവാഹം കാരണമാകാം. ശരീരത്തിലെ ഓരോ രോമകൂപത്തോടും ചേർന്ന് കൊണ്ട് അറക്ടർ പൈലി (Arrector Pili) എന്ന വളരെ ചെറിയ പേശികളുണ്ട്. ഈ പേശികൾക്ക് മനുഷ്യർ അറിയാതെ പ്രവർത്തിക്കാൻ കഴിയും. നാഡീവ്യൂഹത്തിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ, ഈ പേശികൾ ചുരുങ്ങുകയും, അതോടെ രോമം കുത്തനെ നിൽക്കുകയും ചെയ്യുന്നു. താറാവ് കുടുംബത്തിലെ വാത്തയുടെ (ഗൂസ്) തൂവലുകൾ പറിച്ചെടുക്കുമ്പോൾ ശരീരത്തിൽ രോമാഞ്ചം പോലെ തോന്നിപ്പിക്കുന്നു. അങ്ങനെയാണ് രോമാഞ്ചത്തിന് ഗൂസ്ബംബസ് എന്ന് പേര് വരുന്നത്.
Summary: Goosebumps (piloerection) are an involuntary reflex caused by tiny muscles contracting at the base of your hair follicles. This reflex is triggered by the release of adrenaline during strong emotions (like fear or excitement) or by cold temperatures.