ലണ്ടൻ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചു എന്ന വിവാദത്തെ തുടർന്ന് ബിബിസിയിൽ കൂട്ട രാജി. ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസുമാണ് തൽസ്ഥാനങ്ങൾ ഒഴിഞ്ഞത്. ബിബിസി ഡയറക്ടർ ബോർഡ് ഇരുവരുടെയും രാജി അംഗീകരിച്ചു.(BBC Director General and News CEO resign over Trump speech editing controversy)
ബിബിസിക്ക് വേണ്ടി സ്വതന്ത്ര നിർമ്മാണ കമ്പനിയായ ഒക്ടോബർ ഫിലിംസ് ലിമിറ്റഡ് സംപ്രേഷണം ചെയ്ത 'ട്രംപ്: എ സെക്കൻഡ് ചാൻസ്?' എന്ന ഡോക്യുമെന്ററിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 2021 ജനുവരിയിലെ കാപ്പിറ്റോൾ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചു എന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ട്രംപിന്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഒന്നാക്കി ഡോക്യുമെന്ററിയിൽ അവതരിപ്പിച്ചുവെന്നതാണ് പ്രധാന ആരോപണം.
ഈ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ രാജി പ്രഖ്യാപനം. ഏകദേശം 20 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി വിടുന്നത്. രാജി തീരുമാനം പൂർണ്ണമായും തന്റേതാണെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, നിലവിൽ ബിബിസി ന്യൂസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തന്റെ തീരുമാനത്തിന് കാരണമായെന്ന് തുറന്നു സമ്മതിച്ചു.
"ഇത് ബിബിസിയെ സംബന്ധിച്ച് സങ്കടം നിറഞ്ഞ ദിവസമാണ്," എന്ന് ബിബിസി ചെയർമാൻ സമീർ ഷാ പ്രതികരിച്ചു. മാധ്യമരംഗത്ത് വിശ്വാസ്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ബിബിസിക്ക് ഈ രാജി വലിയ തിരിച്ചടിയാണ്.