ജർമ്മനിയിൽ സിനിമയെ വെല്ലുന്ന ബാങ്ക് കൊള്ള: 314 കോടിയുടെ സ്വർണ്ണവും പണവും കവർന്നു | Bank robbery

കൃത്യമായ ആസൂത്രണം നടത്തി
ജർമ്മനിയിൽ സിനിമയെ വെല്ലുന്ന ബാങ്ക് കൊള്ള: 314 കോടിയുടെ സ്വർണ്ണവും പണവും കവർന്നു | Bank robbery
Updated on

ബെർലിൻ: ജർമ്മനിയിലെ ഗെൽസൻകിർച്ചനിലുള്ള സ്പാർക്കസെ ബാങ്കിന്റെ നിലവറ തകർത്ത് 30 മില്യൺ യൂറോ (ഏകദേശം 314 കോടി രൂപ) മൂല്യമുള്ള സ്വർണ്ണവും പണവും കവർന്നു. ക്രിസ്മസ് അവധി ദിവസങ്ങളിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഈ വൻ കവർച്ച അരങ്ങേറിയത്. ബാങ്ക് കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ഭൂഗർഭ നിലവറയ്ക്കുള്ളിൽ പ്രവേശിച്ചത്.(Bank robbery in Germany that rivals cinema, Gold and cash worth Rs 314 crore stolen)

വ്യാഴാഴ്ച ബാങ്ക് അവധി ആരംഭിച്ചത് മുതൽ തിങ്കളാഴ്ച വരെ മോഷ്ടാക്കൾ നിലവറയ്ക്കുള്ളിൽ ചിലവഴിച്ചതായാണ് കരുതപ്പെടുന്നത്. നിലവറയിലുണ്ടായിരുന്ന 3250 സേഫ് ഡെപ്പോസിറ്റ് ബോക്സുകളിൽ 95 ശതമാനത്തോളം (ഏകദേശം 3000 എണ്ണം) മോഷ്ടാക്കൾ തകർത്തു. ഓരോ ബോക്സും പ്രത്യേകം തുറന്ന് അതിലുണ്ടായിരുന്ന പണവും സ്വർണ്ണാഭരണങ്ങളും ഇവർ കൈക്കലാക്കി.

തിങ്കളാഴ്ച രാവിലെ കെട്ടിടത്തിൽ ഫയർ അലാം മുഴങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഭിത്തിയിലെ തുള കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മുഖംമൂടി ധരിച്ചവർ സഞ്ചരിച്ച ഒരു കറുത്ത ഔഡി കാർ ബാങ്ക് പരിസരത്ത് നിന്ന് വേഗത്തിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ കാറിൽ ഉണ്ടായിരുന്ന നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി.

തീർത്തും പ്രൊഫഷണലായ രീതിയിലാണ് കവർച്ച നടന്നതെന്ന് ജർമ്മൻ പോലീസ് പറഞ്ഞു. വളരെ ദിവസത്തെ നിരീക്ഷണത്തിനും ആസൂത്രണത്തിനും ശേഷമാണ് മോഷ്ടാക്കൾ കൃത്യം നിർവഹിച്ചത്. അതിനിടെ, തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ടതിനെത്തുടർന്ന് പ്രകോപിതരായ ഉപഭോക്താക്കൾ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. ഇൻഷുറൻസ് തുകയേക്കാൾ വലിയ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com