ബംഗ്ലാദേശിലെ വെടിവയ്പ്പ്: തലയ്ക്ക് വെടിയേറ്റ യുവ നേതാവ് മൊത്താലിബ് സിക്ദർ അപകടനില തരണം ചെയ്തു | Gunshot

ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം
ബംഗ്ലാദേശിലെ വെടിവയ്പ്പ്: തലയ്ക്ക് വെടിയേറ്റ യുവ നേതാവ് മൊത്താലിബ് സിക്ദർ അപകടനില തരണം ചെയ്തു | Gunshot
Updated on

ധാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭ നായകൻ ഉസ്‌മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ വെടിയേറ്റ നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് മുഹമ്മദ് മൊത്താലിബ് സിക്ദർഅപകടനില തരണം ചെയ്‌തെന്ന് വിവരം. തലയ്ക്ക് വെടിയേറ്റ ഇദ്ദേഹം നിലവിൽ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.(Bangladesh shooting, Youth leader Motalib Sikdar survives gunshot wound to the head)

എൻ.സി.പിയുടെ ഖുൽന ഡിവിഷൻ മേധാവിയും പാർട്ടിയുടെ തൊഴിലാളി വിഭാഗമായ 'എൻ.സി.പി ശ്രമിക് ശക്തി'യുടെ കേന്ദ്ര സംഘാടകനുമാണ് ഇദ്ദേഹം. ഷെയ്ഖ് ഹസീന സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിലുണ്ടായിരുന്ന നേതാക്കളിൽ ഒരാളാണദ്ദേഹം. ഖുൽനയിൽ നടക്കാനിരിക്കുന്ന രാഷ്ട്രീയ റാലിയുടെ ഒരുക്കങ്ങൾക്കിടെ മോട്ടോർ സൈക്കിളിലെത്തിയ അക്രമി സംഘം സിക്‌ദറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട തലയോട്ടിയിൽ ഉരസി പുറത്തേക്ക് പോയതിനാലാണ് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടത്.

സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭ നായകൻ ഷെരീഫ് ഉസ്‌മാൻ ഹാദി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പള്ളിയിൽ നിന്ന് ഇറങ്ങവേ തലയ്ക്ക് വെടിയേറ്റ ഇദ്ദേഹം സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിലുടനീളം യുവാക്കൾ അക്രമാസക്തരാവുകയും മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ ഉൾപ്പെടെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

തുടർച്ചയായുണ്ടാകുന്ന ഈ ആക്രമണങ്ങൾ ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാജ്യത്തെ ക്രമസമാധാന നില തകരാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഹമ്മദ് യൂനസ് സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com