

ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദിയെ വധിച്ച കേസിലെ പ്രതികൾ ഇന്ത്യയിലേക്ക് കടന്നതായി ധാക്ക പോലീസിന്റെ വെളിപ്പെടുത്തൽ. കേസിലെ മുഖ്യപ്രതികളായ ഫൈസൽ കരിം മസൗദ്, അലിമിഗിർ ഷേയ്ഖ് എന്നിവർ മേഘാലയ അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിച്ചതായാണ് അഡീഷണൽ കമ്മീഷണർ എസ്.എൻ നാസറുൽ ഇസ്‍ലാം ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ മേഘാലയ പോലീസും കേന്ദ്ര സർക്കാരും തള്ളി.
പൂർത്തി, സാമി എന്നീ വ്യക്തികളുടെ സഹായത്തോടെയാണ് പ്രതികൾ മേഘാലയയിലെ ടുര സിറ്റിയിലെത്തിയതെന്ന് ബംഗ്ലാദേശ് പോലീസ് പറയുന്നു. പ്രതികളെ അതിർത്തി കടക്കാൻ സഹായിച്ച രണ്ട് പേരെ ഇന്ത്യൻ പോലീസ് പിടികൂടിയതായും ധാക്ക പോലീസ് അവകാശപ്പെടുന്നുണ്ട്. 'ഡെയിലി സ്റ്റാർ' ആണ് ഈ വാർത്ത പുറത്തുവിട്ടത്.
ബംഗ്ലാദേശിന്റെ ആരോപണങ്ങൾ മേഘാലയ പോലീസ് പൂർണ്ണമായും നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് അധികൃതരുമായി ഔദ്യോഗിക ആശയവിനിമയങ്ങൾ ഒന്നും നടന്നിട്ടില്ല. ഗാരോ ഹിൽസ് മേഖലയിൽ ഇത്തരത്തിൽ ആരെങ്കിലും എത്തിയതായി ഇന്റലിജൻസ് വിവരങ്ങളില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം , ഇങ്ക്വിലാബ് മഞ്ച് നേതാവും 2024-ലെ ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകനുമായിരുന്ന ശരീഫ് ഉസ്മാൻ ഹാദിയുടെ മരണം രാജ്യത്ത് വലിയ സംഘർഷങ്ങൾക്കാണ് വഴിതെളിച്ചത്.
ഈ മാസം 12-ന് ധാക്കയിൽ നടന്ന റാലിക്കിടെയാണ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയ അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്. മരണവാർത്ത പുറത്തുവന്നതോടെ ബംഗ്ലാദേശിൽ യുവാക്കൾ തെരുവിലിറങ്ങുകയും മാധ്യമ സ്ഥാപനങ്ങൾക്കുൾപ്പെടെ തീയിടുകയും ചെയ്തു. സംഘർഷം ഇപ്പോഴും തുടരുകയാണ്.