ധാക്ക: ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് 2026 ഫെബ്രുവരി 12-ന് നടക്കുമെന്ന് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എ.എം.എം. നാസിർ ഉദ്ദീൻ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രിക ഡിസംബർ 29-നകം സമർപ്പിക്കണം. പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്.(Bangladesh general elections on February 12)
ബംഗ്ലാദേശിലെ 300 പാർലമെന്റ് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. മൊത്തം വോട്ടർമാരുടെ എണ്ണം 127.6 ദശലക്ഷത്തിലധികം വരും. വിദേശത്ത് താമസിക്കുന്ന ബംഗ്ലാദേശികൾക്ക് പോസ്റ്റൽ ബാലറ്റുകൾ വഴി വോട്ടുചെയ്യാൻ അനുവാദമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ സർക്കാരിന് തിരിച്ചുവരാനുള്ള സുപ്രധാന ചുവടുവയ്പ്പാണിത് എന്ന് കമ്മീഷണർ അഭിപ്രായപ്പെട്ടു. നിലവിൽ മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ബംഗ്ലാദേശ് ഭരിക്കുന്നത്.
തുടക്കത്തിൽ 2026 ഏപ്രിൽ ആദ്യ പകുതിയിൽ (ജൂൺ 6-ന് പ്രഖ്യാപിച്ചതനുസരിച്ച്) തെരഞ്ഞെടുപ്പ് നടത്താനായിരുന്നു യൂനുസ് സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ആഭ്യന്തരവും ബാഹ്യവുമായ സമ്മർദ്ദങ്ങൾ കാരണം തീയതി ഫെബ്രുവരിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഡിസംബറോടെ ദേശീയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഫെബ്രുവരിയിലെ പ്രഖ്യാപനം വന്നത്.
2024 ഓഗസ്റ്റിൽ ധാക്കയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുകയും അവർക്ക് രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്.