
ലണ്ടൻ: ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (BAFTA) പുരസ്‌കാര ജേതാവിനെതിരെ കേസ്. ബാഫ്ത ജേതാവായ ബ്രിട്ടിഷ് നടൻ മൈക്കൽ വാർഡിനെതിരെയാണ് ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. 2023 ജനുവരിയിൽ നടന്ന സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്നാണ് 27 കാരനായ താരത്തിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 28 ന് മൈക്കൽ വാർഡ് ലണ്ടനിലെ തേംസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം.
മൈക്കൽ വാർഡ്, 2019 ൽ പുറത്തിറങ്ങിയ 'ബ്ലൂ സ്റ്റോറി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ബാഫ്ത പുരസ്‌കാരം നേടിയിരുന്നു. സ്മോൾ ആക്‌സ് എന്ന സീരിസിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ബാഫ്ത ടിവി പുരസ്‌കാരത്തിന് 2021ൽ മൈക്കൽ വാർഡ് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ടോപ് ബോയി എന്ന സീരിസിലെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.