
വാഷിങ്ടൻ: പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിനൊടുവിൽ സമാധാനക്കരാറിൽ ഒപ്പുവച്ച് അസർബൈജാനും അർമീനിയയും. അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്.
"സംയുക്‌ത പ്രഖ്യാപനത്തിൽ ഒപ്പുവയ്‌ക്കാൻ വാഷിങ്ടനിലെത്തിയ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേയും അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനെയും അഭിനന്ദിക്കുന്നു. 35 വർഷത്തോളം ഇവർ ശത്രുതയിലായിരുന്നു. ഇപ്പോൾ ഇവർ സുഹൃത്തുക്കളാണ്. ഇനിയും ഒരുപാട് കാലം ഇവർ സുഹൃത്തുക്കളായിരിക്കും. പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുക. നയതന്ത്രബന്ധം പുനരാരംഭിക്കാനും വ്യാപാരമുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം പുനഃസ്‌ഥാപിക്കാനും അവസരം കൈവന്നിരിക്കുകയാണ്." – ട്രംപ് പറഞ്ഞു.
ഊർജ, വാണിജ്യ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളുമായി യുഎസ് കരാറുകൾ ഒപ്പുവച്ചു. ഇതോടെ പ്രതിരോധ സഹകരണത്തിൽ അസർബൈജാന് ഏർപ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിൻവലിച്ചു. സമാധാന കരാർ ഒപ്പിട്ടതോടെ, മൂന്നു പതിറ്റാണ്ടിലേറെ പ്രദേശിക തർക്കങ്ങളിൽ അകപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങൾക്കിടയിൽ ഒരു ഗതാഗത ഇടനാഴിക്ക് തുടക്കമാകും. അതിർത്തിപ്രശ്നത്തിൽ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഇരുരാജ്യങ്ങളും തമ്മിൽ 35 വർഷമായി രൂക്ഷമായ സംഘർഷത്തിലായിരുന്നു.