

ടെഹ്‌റാൻ: ഇറാനിലെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടേണ്ടതില്ലെന്ന് ആയത്തുള്ള അലി ഖമനേയി പറഞ്ഞു. ദേശീയ ടെലിവിഷനിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വിലക്കയറ്റവും കറൻസി മൂല്യത്തകർച്ചയും മൂലം ദുരിതത്തിലായ ജനങ്ങളുടെ പ്രതിഷേധം ഒരിടത്ത് നടക്കുമ്പോൾ, അത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള 'കലാപമായി' മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക പരാതികൾ ന്യായമാണ്. അവരുടെ ആശങ്കകൾ സംഭാഷണങ്ങളിലൂടെ പരിഹരിക്കാൻ സർക്കാർ തയ്യാറാണ്. പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടുന്ന കലാപകാരികളുമായി യാതൊരു ചർച്ചയ്ക്കുമില്ല. അവരെ കർശനമായി ഒതുക്കും. പ്രക്ഷോഭകരെ അടിച്ചമർത്തിയാൽ ഇടപെടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണി ഇറാൻ തള്ളിക്കളയുന്നു.
അതേസമയം , പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും പണപ്പെരുപ്പവും ഇറാനിയൻ റിയാലിന്റെ മൂല്യം കുത്തനെ ഇടുിച്ചു. ഇത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഹിസ്ബുള്ള നേതൃത്വം കൊല്ലപ്പെട്ടതും സിറിയയിൽ സഖ്യകക്ഷിയായ ബഷർ അൽ അസദ് പുറത്താക്കപ്പെട്ടതും ഇറാന് വലിയ തിരിച്ചടിയായി.
ഇസ്ഫഹാൻ, ലോർദ്ഗൻ തുടങ്ങിയ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
2022-ലെ മഹ്‌സ അമിനി പ്രതിഷേധങ്ങൾക്ക് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ആണവ നിലയങ്ങൾക്കെതിരെയുള്ള ഇസ്രയേൽ ആക്രമണങ്ങളും സൈനിക നേതാക്കളുടെ വധവും ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.